ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

single-img
9 May 2018

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. കേസ് അന്വേഷിച്ച സിബി മാത്യൂസിനെതിരെ ഉള്‍പ്പെടെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം കേള്‍ക്കവേയാണ് കോടതി സിബിഐ അന്വേഷണം തള്ളിയത്.

ഇന്ന് രാവിലെയാണ് കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ, കോടതിയെ അറിയിച്ചത്. നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യവും നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും പരിഗണിക്കാമെന്നായിരുന്നു കോടതി രാവിലെ അറിയിച്ചിരുന്നത്. നേരത്തെ കേസ് അന്വേഷിച്ചവരില്‍ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷമുള്ള വാദം കേള്‍ക്കലിനിടെയാണ് കോടതി സിബിഐ അന്വേഷണം എന്ന ആവശ്യം തള്ളിയത്.

സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം പോരെയെന്നും കോടതി അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.

ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ നമ്പി നാരായണനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചെന്നും അതിന് തെളിവു ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസ് വീണ്ടും അന്വേഷിക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കാമെന്നും അറിയിച്ചു. നന്പി നാരായണനെ കേസില്‍പെടുത്തിയതിനുള്ള നഷ്ടപരിഹാരം 25 ലക്ഷമായി ഉയര്‍ത്തണമെന്ന് നേരത്തെ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.