ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാമെന്ന് സിബിഐ; വീട് വിറ്റായാലും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

single-img
9 May 2018

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി.

അതേസമയം നമ്പി നാരായണന് നല്‍കാനുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരുടെ ആസ്തികള്‍ വിറ്റിട്ടായാലും നല്‍കണമെന്ന് കോടതി വാദത്തിനിടെ നിരീക്ഷിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നതും പരിഗണിക്കും. കേസില്‍ ഉച്ചയ്ക്കുശേഷം വീണ്ടും വാദം തുടരും.

ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ്പിമാരായ കെ.കെ.ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണു വാദം തുടരുന്നത്.

എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് ഇന്നത്തേക്കു മാറ്റിവച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണത്തിനു നിര്‍ദേശിച്ചേക്കുമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ പറഞ്ഞിരുന്നു.

തനിക്ക് വാഗ്ദാനം ചെയ്ത യു.എസ് പൗരത്വം തിരസ്‌കരിച്ചതിനാണ് തന്നെ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുടുക്കിയതെന്ന് നമ്പി നാരായണന്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. യു.എസിലെ പ്രിന്‍സ്‌ടോണിയന്‍ സര്‍വ്വകലാശാലയില്‍ കമ്പസ്റ്റിയന്‍ ഇന്‍സ്റ്റബിലിറ്റി പഠിച്ച തനിക്ക് നാസയില്‍ ഫെലോഷിപ്പ് ലഭിച്ചിരുന്നു.

സങ്കീര്‍ണമായ വിഷയത്തിലെ അറിവു മാനിച്ച് യു.എസ് പൗരത്വം വാഗ്ദാനം ചെയ്‌തെങ്കിലും താന്‍ അതു വേണ്ടെന്നു വച്ച് നാട്ടിലെത്തി. ഐ.എസ്.ആര്‍.ഒയില്‍ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ടെക്‌നിക് വിഭാഗത്തില്‍ വികാസ് എന്‍ജിന്‍ വികസിപ്പിക്കുന്നതില്‍ പങ്കു വഹിച്ചു. ഇതാണ് തനിക്ക് വിനയായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.