കോണ്‍ഗ്രസിന് വികസനത്തേക്കാള്‍ പ്രധാനം അഴിമതിയെന്ന് മോദി; എങ്കില്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതെന്തിനെന്ന് തിരിച്ചടിച്ച് രാഹുല്‍: കര്‍ണാടകയില്‍ 10,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തു

single-img
9 May 2018

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍. 4 റാലികളില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി രാഷ്ട്രീയ വാക്‌പോരിന് മൂര്‍ച്ച കൂട്ടി.

കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയാണ്. ഓരോ വികസന പ്രവര്‍ത്തനത്തിന് പിന്നിലും കോണ്‍ഗ്രസ് കോടികളുടെ അഴിമതി നടത്തുമെന്ന് ഉത്തര കര്‍ണാടകയിലെ റാലിയില്‍ മോദി ആഞ്ഞടിച്ചു. ഇതിനു മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി.

അഴിമതിക്കാരനായ യദ്യൂരപ്പയെയും ശ്രീരാമലുവിനെയും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി പ്രഖ്യാപിച്ചതിന് നരേന്ദ്ര മോദി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധിയും തുറന്നടിച്ചു.

അതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കേ രാജരാജേശ്വരി നഗര്‍ (ആര്‍.ആര്‍. നഗര്‍) മണ്ഡലത്തില്‍നിന്ന് വന്‍തോതില്‍ വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 10,000 വ്യാജ കാര്‍ഡുകളും ഒരുലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു.

ആര്‍.ആര്‍. നഗര്‍ മണ്ഡലത്തില്‍ ആകെ 4,35,000 വോട്ടര്‍മാരാണുള്ളത്. ഇപ്പോള്‍ 4.71 ലക്ഷം വോട്ടര്‍മാരുണ്ട്. അതായത് ഏകദേശം 45,000 വോട്ടര്‍മാര്‍ കൂടി. ഇത് വ്യാജമാകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടിയെടുക്കും. ന്യൂഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍നിന്നാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ആര്‍.ആര്‍. നഗര്‍ എം.എല്‍.എ. മുനിരത്‌നയുടെ അനുയായിയാണ് ഫഌറ്റുടമ. സ്റ്റീലിന്റെ പെട്ടിയിലാണ് കാര്‍ഡുകള്‍ കൂട്ടമായി സൂക്ഷിച്ചിരുന്നത്.

കേരളത്തില്‍നിന്നുള്ള ഒരു വിദ്യാര്‍ഥിക്ക് കര്‍ണാടകയില്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയതായി ബി.ജെ.പി. നേരത്തേ ആരോപിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും തിരിച്ചറിയല്‍ കാര്‍ഡിന്റെ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കെട്ടുകണക്കിന് വ്യാജരേഖകള്‍ കണ്ടെത്തിയതായും ബി.ജെ.പി. അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്ഥിരീകരണത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരേ ശക്തമായ ആരോപണവുമായി ബി.ജെ.പി. കേന്ദ്രനേതാക്കള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ആരോപിച്ചു. ആര്‍.ആര്‍. നഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുനിരത്‌ന വിജയിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കുന്ന ഫാക്ടറി ഉണ്ടാക്കിയതിന് തെളിവാണിതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആദ്യം ആരോപണം ഉന്നയിച്ചത് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ് ഗൗഡയാണ്. തുടര്‍ന്നായിരുന്നു അന്വേഷണം.