‘നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍കയറി നില്‍ക്കുകയാണ് രാഹുല്‍’; പ്രധാനമന്ത്രിയാകാന്‍ തയ്യാറെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ധാര്‍ഷ്ട്യമെന്ന് മോദി

single-img
9 May 2018

രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തെളിയിക്കുന്നത് ധാര്‍ഷ്ട്യമാണെന്ന് മോദി പറഞ്ഞു. എങ്ങനെയാണ് ഒരാള്‍ക്ക് താന്‍ അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിക്കാനാകുക, ഇതില്‍ മറ്റൊന്നുമല്ല ധാര്‍ഷ്ട്യമാണുള്ളതെന്നും മോദി വ്യക്തമാക്കി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് കര്‍ണാടകയില്‍ സമൃദ്ധ ഭാരത് ഫൗണ്ടേഷന്റെ ആദ്യ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് മോദി രംഗത്തെത്തിയത്. നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍കയറി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നതെന്ന് മോദി ആരോപിച്ചു മോദിയെ മാറ്റാന്‍ വലിയ യോഗങ്ങളാണ് നടക്കുന്നത്.

ഒരു നാടുവാഴി താനാണ് അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയാനാഗ്രഹമുണ്ടെന്നും മോദി പറഞ്ഞു. ബംഗാരപ്പേട്ടയില്‍ നടന്ന പാര്‍ട്ടി റാലിയിലാണ് മോദി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്.

കോണ്‍ഗ്രസ് രാജ്യത്തിന് ആറ് തിന്മകളെയാണ് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് സംസ്‌കാരം, വര്‍ഗീയത, ജാതീയത, കുറ്റകൃത്യങ്ങള്‍, അഴിമതി, കരാര്‍ സംവിധാനം തുടങ്ങിയവയാണ് ആറ് തിന്മകളെന്ന് മോദി പറഞ്ഞു.