കേരളത്തില്‍ കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് അഞ്ചുലക്ഷം വരെ ആനുകൂല്യം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

single-img
9 May 2018

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുപക്ഷ തീവ്രവാദികളായ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍ പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കീഴടങ്ങിയവര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു പോകാതിരിക്കാന്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ നേടുന്നതിന് മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിര്‍ത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്.

തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്തു മൂന്നായി തരംതിരിച്ചിട്ടുണ്ട്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുളളത്. ഉയര്‍ന്ന കമ്മിറ്റികളിലുളളവരാണു ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്.

അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കും. ഗഡുക്കളായാണു തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കും. കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയില്‍ വരുന്നവര്‍ കീഴടങ്ങുകയാണെങ്കില്‍ മൂന്നു ലക്ഷം രൂപയാണു നല്‍കുക. ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക.

തങ്ങളുടെ ആയുധം പൊലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്കു പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. കീഴടങ്ങുമ്പോള്‍ എകെ 47 തോക്ക് പൊലീസിനു കൈമാറുന്നവര്‍ക്ക് 25,000 രൂപയാണു നല്‍കുക. മൂന്നു വിഭാഗത്തിലുംപെട്ട വീടില്ലാത്തവര്‍ക്കു സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും നിര്‍ദ്ദേശമുണ്ട്.