ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി; ഇറാനുമേല്‍ വീണ്ടും ഉപരോധം

single-img
9 May 2018

ആണവ പരീക്ഷണങ്ങള്‍ നടത്താതിരിക്കാന്‍ ഇറാനുമായി ഉണ്ടാക്കിയിരുന്ന കരാര്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക കരാറില്‍ നിന്നും പിന്മാറി. ഇറാന്‍ കലുഷിത പ്രദേശമാണെന്നും കരാറിലെ വ്യവസ്ഥകള്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

കരാറിലെ പല വ്യവസ്ഥകളും ഇറാന്‍ ലംഘിച്ചു. കരാര്‍ അമേരിക്കയ്ക്ക് നാണക്കേടായിരുന്നു. പുതിയ ഫണ്ട് ഉപയോഗിച്ച് ഇറാന്‍ മിസൈലുകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇറാനു മേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.

2015ല്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറില്‍ നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്. ‘അതേസമയം ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഇറാന്‍ പ്രതികരിച്ചു. പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്. കരാര്‍ പ്രകാരമുള്ള കാര്യങ്ങളില്‍ നിന്ന് ഇറാന്‍ വ്യതിചലിക്കില്ല.

കരാറില്‍ ഒപ്പിട്ടിരിക്കുന്ന മറ്റു രാജ്യങ്ങളുടെ കൂടെ അഭിപ്രായം തേടിയ ശേഷം ആണവപരിപാടികള്‍ പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. കരാറില്‍ നിന്നു പിന്മാറാനുള്ള യുഎസിന്റെ തീരുമാനത്തെ യുകെയും ജര്‍മനിയും ഫ്രാന്‍സും സംയുക്തമായി അപലപിക്കുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു.

അണ്വായുധ നിര്‍വ്യാപീകരണം പ്രതിസന്ധിയിലായെന്നും മക്രോ ട്വീറ്റ് ചെയ്തു. കരാറിന്മേലുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്ന് ഫ്രാന്‍സിനെയും ജര്‍മനിയെയും ഒപ്പം ചേര്‍ത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും വ്യക്തമാക്കി.
എന്താണ് ആണവ കരാര്‍

ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 2015ലാണ് ഇറാനുമായി ആണവ കരാറില്‍ ഒപ്പിടുന്നത്. സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് ഇറാന്റെ വാദം.

കരാര്‍ അനുസരിച്ച് ഇറാന് ആണവ സമ്പുഷ്ടീകരണം നടത്താമെങ്കിലും ഇതിനുള്ള സാമ്പത്തിക അനുമതിക്ക് അന്താരാഷ്ട്ര നിരീക്ഷകരുടെ പരിശോധന ആവശ്യമാണ്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കാലത്തുണ്ടാക്കിയ ഭ്രാന്തന്‍ കരാറാണിതെന്നാണ് ട്രംപിന്റെ നിലപാട്. പ്രചാരണ സമയത്തും പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് ശേഷവും ഇതേ നിലപാട് തന്നെയാണ് ട്രംപ് തുടരുന്നത്.