ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് നവവധു; പ്രതിഫലമായി നല്‍കിയത് വിവാഹമോതിരം; യുവതി അറസ്റ്റില്‍

single-img
9 May 2018

ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ വിഴിയനഗരത്തിലാണ് സംഭവം. വൈ. സരസ്വതിയെയാണ് ഭര്‍ത്താവ് യമക ഗൗരിശങ്കറിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

തന്നെയും ഭര്‍ത്താവിനെയും ആക്രമിച്ച് വിവാഹ ആഭരണങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോയെന്ന് കഴിഞ്ഞ തിങ്കളാഴ്ച സരസ്വതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഊര്‍ജിതാന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

രാമ കൃഷ്ണ, മെരുഗു ഗോപി, ഗുരാളാ ബംഗാരുരാജു എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് വധശ്രമ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ആളാണ് രാമ കൃഷ്ണ. എന്‍ജിനീയറിങ് ബിരുദധാരികളാണ് മറ്റ് രണ്ടുപേര്‍. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാര്‍ത്ഥവശം പോലീസിന് ലഭിക്കുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. സരസ്വതിയും കാമുകനായ ശിവയും ചേര്‍ന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്. ഇതേതുടര്‍ന്ന് ശിവയാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കൃത്യം ഏല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി സരസ്വതി പ്രതികള്‍ക്ക് 8000 രൂപയും ശിവ 10,000 രൂപയും നല്‍കി.

തുടര്‍ന്ന് മുന്‍പദ്ധതി അനുസരിച്ച് ഗൗരിശങ്കറും സരസ്വതിയും ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് വഴിയില്‍ തടഞ്ഞ് ഗൗരിശങ്കറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും പോലീസ് അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാനാണ് മോതിരം അവര്‍ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.