ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ചമര്‍ത്തുന്നത് ശരിയായ ശീലമാണോ?

single-img
9 May 2018

ലോകത്തിന്റെ ഏതുഭാഗത്തും ഒരു നല്ല ഡ്രൈവിംഗ് സംസ്‌കാരം ഒരു രാജ്യത്തിന്റെ തന്നെ പുരോഗതിയെയും അവിടുത്തെ മനുഷ്യരുടെ സംസ്‌കാരത്തെയുമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നല്ല ഡ്രൈവിംഗ് ശൈലി സ്വായത്തമാക്കാന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്.

ഒരു ചെറിയ അശ്രദ്ധ പോലും ഡ്രൈവിങില്‍ വലിയ പാളിച്ചകള്‍ ഉണ്ടാക്കാം. ഡ്രൈവിംഗ് പഠിക്കുന്ന കാലം മുതല്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകുന്ന സംശയമാണ് വാഹനം നിര്‍ത്താനായി ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് ചവിട്ടുന്നത് ശരിയാണോ എന്നത്. ഭൂരിഭാഗവും ബ്രേക്കിനൊപ്പം ക്ലച്ച് കൂടി ചവിട്ടുന്നവരുമാകും. എന്നാല്‍ എന്താണ് ശരി? അതിനുള്ള ഉത്തരമാണ് ഇനി പറയുന്നത്.

ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം ക്ലച്ച് അമര്‍ത്തുന്ന ശീലം തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ഇത് കാറിന്റെ ആരോഗ്യത്തെ ബാധിക്കും. എപ്പോഴും ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ക്ലച്ചമര്‍ത്തുന്നത് ക്ലച്ച് ബെയറിംഗിനെ തകരാറിലാക്കും.

ക്ലച്ചും ഗിയര്‍ ബോക്‌സും എളുപ്പം കേടാകുന്നതിന് ഇത് ഇടയാക്കും. മാത്രമല്ല പിന്നിലും വശങ്ങളിലുമൊക്കെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളിലും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കും. അതിനാല്‍ ഈ ശീലം തീര്‍ച്ചയായും ഒഴിവാക്കുന്നതാണ് ഉചിതം.

എപ്പോഴൊക്കെ ബ്രേക്കിനൊപ്പം ക്ലച്ച് ചവിട്ടണമെന്നത് പലര്‍ക്കും ധാരണയുണ്ടാവില്ല. കാര്‍ പൂര്‍ണമായും നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ സഞ്ചരിക്കുന്ന ഗിയറില്‍ തന്നെ ബ്രേക്ക് ആദ്യം പതിയെ ചവിട്ടുക. തുടര്‍ന്ന് താഴ്ന്ന ഗിയറിലേക്ക് ഉടന്‍ മാറരുത്. ആര്‍പിഎം നില താഴുന്നത് വരെ ബ്രേക്കില്‍ ചവിട്ടി തുടരുക. ആര്‍പിഎം നില കുറഞ്ഞെന്ന് ഉറപ്പായാല്‍ ക്ലച്ച് ചവിട്ടി താഴ്ന്ന ഗിയറിലേക്ക് കടക്കാം.

അതായത് ട്രാഫിക് സിഗ്‌നലിലെ നിറം ചുവപ്പാണെന്നു കണ്ടാല്‍ ആദ്യം ബ്രേക്ക് ചവിട്ടണം. കാറിന്റെ വേഗത കുറഞ്ഞാല്‍ ക്ലച്ചമര്‍ത്തി ഗിയര്‍ താഴ്ത്തുക. തുടര്‍ന്ന് ക്ലച്ച് പൂര്‍ണമായും വിടുക. വീണ്ടും ബ്രേക്ക് ചവിട്ടുക. തുടര്‍ന്ന് കാര്‍ പൂര്‍ണമായും നിശ്ചലമാകുന്നതിന് തൊട്ടുമുമ്പ് ക്ലച്ചമര്‍ത്തി ന്യൂട്രല്‍ ഗിയറിലേക്ക് മാറുക.

ഇക്കാര്യം ശ്രദ്ധിക്കുക വാഹനം പൂര്‍ണമായും നില്‍ക്കുന്നതിന് തൊട്ടുമുമ്പ് ക്ലച്ച് അമര്‍ത്താന്‍ മറക്കരുത്. കാരണം വാഹനത്തിന്റെ എഞ്ചിന്‍ ‘കുത്തി’ നില്‍ക്കുന്നതിന് ഇടയാകും.