അധ്യാപകരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി രണ്ട് വര്‍ഷത്തെ ബി.എഡ്. കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നു

single-img
9 May 2018

ബി.എഡ് പഠനം ബിരുദ കോഴ്‌സിന്റെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രണ്ട് വര്‍ഷത്തെ ബി.എഡ്. കോഴ്‌സുകള്‍ നിര്‍ത്തലാക്കിയാണ് ബിരുദപഠനത്തിന്റെ ഭാഗമാക്കുന്നത്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സൂചന നല്‍കിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വിശദപഠനത്തിനായി ആറംഗ സമിതിയെ നിയമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി നടപ്പായാല്‍ കേരളത്തിലെ 245ല്‍പ്പരം ബി.എഡ്. സെന്ററുകളുടെ ഭാവി അനിശ്ചിതത്വത്തിലാകും.

അടുത്ത അധ്യയനവര്‍ഷം മുതല്‍ ബി.എഡ് ബിരുദ സംയോജിത തുടങ്ങാനാണ് ലക്ഷ്യം. നാലു വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇതിനാവശ്യമായ പാഠ്യപദ്ധതി എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കി കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച നയരേഖാ രൂപവത്കരണം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. നയരേഖ ആസൂത്രണം ചെയ്യുന്നതിനുള്ള ത്രിദിന യോഗം ഡല്‍ഹിയില്‍ ചൊവ്വാഴ്ച തുടങ്ങി. യോഗത്തിലെടുക്കുന്ന തീരുമാനം മേയ് 25നുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കലാലയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ അതേപടി തുടരുന്നതിന് ഇത് തടസ്സമാകില്ല. ബി.എഡ്. എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സ് ആരംഭിക്കുന്നത്. സാധാരണ കലാലയങ്ങളില്‍ ഈ സംവിധാനം ആരംഭിച്ചാല്‍ ബി.എഡ്. സെന്ററുകള്‍ നിര്‍ത്തലാക്കേണ്ടിവരും.