കസ്റ്റഡി മരണത്തെക്കുറിച്ച് വിവരം നല്‍കിയ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ആലുവ റൂറല്‍ എസ്.പിക്കെതിരെ മൂന്നുപേരുടെ മൊഴികള്‍; എവി ജോര്‍ജിന് കുരുക്ക് മുറുകുന്നു

single-img
9 May 2018

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജിന്റെ പേരില്‍ കേസെടുക്കാനുറച്ച് അന്വേഷണസംഘം. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പിടികൂടിയ ആര്‍ടിഎഫ് സ്‌ക്വാഡിലെ പൊലീസുകാരെ എസ്പി വഴിവിട്ട് പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.

ശ്രീജിത്തിന്റെ മരണത്തിന് ശേഷം, കസ്റ്റഡിമരണത്തെക്കുറിച്ച് വിവരം നല്‍കിയ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വിവരം പൂഴ്ത്താന്‍ എസ്പി ജോര്‍ജ് ശ്രമിച്ചതായും കണ്ടെത്തി. പറവൂര്‍ സി.ഐ.യായിരുന്ന ക്രിസ്പിന്‍ സാമും എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതുമുതലുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. എസ്.പി.യുടെ പേരില്‍ കേസെടുക്കുന്നതോടെ പ്രത്യേകാന്വേഷണസംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയാണെന്ന ആരോപണത്തിന് തടയിടാനാകുമെന്നാണ് പോലീസ് കരുതുന്നത്.

ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം കോടതി അംഗീകരിച്ചാലും ഏറെയൊന്നും പരിക്കില്ലാതെ അന്വേഷണസംഘത്തിന് രക്ഷപ്പെടാനുമാകും. എ.വി. ജോര്‍ജിന്റെ പേരില്‍ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐ.ജി. ശ്രീജിത്തും എസ്.പി.യും ഒരുമിച്ചിരുന്ന് സിനിമ കാണുന്ന ചിത്രം വിവാദമായതും നടപടി വേഗത്തിലാക്കാന്‍ കാരണമായേക്കും.

റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന പേരില്‍ എസ്പി നേരിട്ട് നിയന്ത്രിക്കുന്ന സ്‌ക്വാഡിലെ പൊലീസുകാരാണ് ശ്രീജിതിനെ ആദ്യം പിടികൂടിയത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്ന വസ്തുത പുറത്തുവന്നത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധവുമായി എസ്പി എവി ജോര്‍ജ് സജീവമായി രംഗത്തുനിന്നു.

ഇതേ എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഎഫ് അഥവാ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന സ്‌ക്വാഡില്‍ എല്ലാവരും എആര്‍ ക്യാംപില്‍ നിന്നുള്ള പൊലീസുകാരാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുള്ള പൊലീസ് സ്റ്റേഷന്‍ പരിചയം തീരെയില്ലെന്ന് അര്‍ത്ഥം.

അതുകൊണ്ട് തന്നെ ഇവരുടെ മുറകള്‍ അതിരുവിടുന്നുവെന്നും നിയന്ത്രിച്ചില്ലെങ്കില്‍ സേനക്കാതെ കളങ്കമാകുമന്നും ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ കൈകാര്യം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ പറവൂരില്‍ മുങ്ങിമരിക്കാന്‍ ഇടയായ സാഹചര്യത്തിലായിരുന്നു അത്.