കര്‍ണാടകയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കന്മാരുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു: ജെ.ഡി.എസിന് വോട്ട് നല്‍കുന്നത് പാഴാക്കുന്നതിന് തുല്യമെന്ന് അമിത് ഷാ

single-img
9 May 2018

തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു. കോപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ബിജെപി ജില്ലാ അധ്യക്ഷന്‍ വിരുപാക്ഷയുടെ വസതിയില്‍നിന്ന് എട്ടുലക്ഷം രൂപയും കോണ്‍ഗ്രസ് നേതാവ് ഷമീദ് മാനിയാറുടെ വസതിയില്‍നിന്ന് മുപ്പതിനായിരം രൂപയുമാണ് പിടിച്ചെടുത്തത്. അതിനിടെ ദേവ ഗൗഡ നയിക്കുന്ന ജെ.ഡി.എസിനെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി.

കോണ്‍ഗ്രസ് തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും. ജെ.ഡി.എസിന് നല്‍കുന്ന വോട്ടുകള്‍ പാഴാകുന്നതിന് തുല്യമാണ്. ജെ.ഡി.എസ് മത്സര രംഗത്ത് പോലുമില്ലെന്നും ഷാ കുറ്റപ്പെടുത്തി. കെട്ടിടത്തിനുള്ളില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ പരിപാടികള്‍ ഇന്ന് അവസാനിക്കും. ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.