പഴനിക്കടുത്ത് വാഹനാപകടം: ഏഴ് മലയാളികള്‍ മരിച്ചു

single-img
9 May 2018

പഴനി ആയക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോരുത്തോട് പുതുപ്പറമ്പില്‍ സജിനി ബാബുവാണ് ആശുപത്രിയില്‍ മരിച്ചത്. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52), ഭാര്യ രേഖ, മകന്‍ മനു (27), അഭിജിത് (14) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു.

രാത്രി 12 മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള ലോറിയും കേരളത്തില്‍ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് അപകടം. വാനിലുണ്ടായിരുന്നവരാണു മരിച്ചത്. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

പഴനിയിലേക്കു പോകുംവഴി ഇവര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യന്‍ (12) ആശുപത്രിയില്‍ ചികില്‍സയിലാണ്. പഴനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പരുക്കേറ്റവരെ മധുരയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം പഴനിയിലേക്ക് യാത്ര തിരിച്ചത്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടലിലാണ് കോരുത്തോട് ഗ്രാമം.