റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് പൊതുജന മദ്ധ്യത്തില്‍ പരാതി പറഞ്ഞതിന് അധ്യാപകന് കേന്ദ്രമന്ത്രിയുടെ ശകാരം

single-img
9 May 2018

ആസാമിലെ നാഗൂണിലായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രഞ്ജന്‍ ഗോഹെനും പങ്കെടുക്കുന്നുണ്ടായിരുന്നു. പരിപാടി നടക്കുന്നതിനിടെ വേദിയിലേക്കെത്തിയ വിരമിച്ച അദ്ധ്യാപകന്‍ കൂടിയായ നാട്ടുകാരന്‍ മൈക്കില്‍ സംസാരിക്കുകയായിരുന്നു.

നാഗോണ്‍ ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധിയായാണ് അധ്യാപകന്‍ പരിപാടിയില്‍ പങ്കെടുത്തത്. ജില്ലയിലെ റോഡിന്റെ അവസ്ഥ വളരെ ദയനീയമാണെന്നായിരുന്നു പ്രസംഗത്തിനിടെ അധ്യാപകന്റെ പരാമര്‍ശം. ‘റോഡിന്റെ ശോച്യാവസ്ഥയെപ്പറ്റി നിരവധി അപേക്ഷകള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പുതിയ എം.എല്‍.എയോ എം.പിയോ വരുമ്പോള്‍ എല്ലാം ശരിയാകും എന്ന പതിവ് പല്ലവി മാത്രമായിരുന്നു എപ്പോഴും അവര്‍ക്ക് പറയാനുണ്ടായിരുന്നത്.

താങ്കള്‍ എന്റെയൊപ്പം വന്നാല്‍ ഇവിടുത്തെ റോഡിന്റെ അവസ്ഥ നേരിട്ട് ബോധ്യമാക്കി തരാമെന്നും അദ്ധ്യാപകന്‍ പറഞ്ഞു. ഇതു കേട്ടമാത്രയില്‍ രഞ്ജന്‍ ഗോഹെന്‍ ഇടപെട്ട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഇത്തരം പ്രശ്‌നങ്ങള്‍ പൊതുപരിപാടിയില്‍ ഉന്നയിച്ചതിന് അധ്യാപകനെ ശകാരിക്കുകയുമായിരുന്നു.

എന്തുകൊണ്ട് ഈ പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് ചോദിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ഗൂഡലക്ഷ്യത്തോടു കൂടിയാണ് നിങ്ങള്‍ എത്തിയത്. എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ എന്നോട് സ്വകാര്യമായി പറയണം, അല്ലാതെ പൊതുസമൂഹത്തിന് മുന്നില്‍ വിളിച്ചു പറയുകയല്ല വേണ്ടത്’ മന്ത്രി പറഞ്ഞു.

മൈക്രോഫോണിലൂടെ അതിന് മറുപടി പറയാന്‍ അദ്ധ്യാപകന്‍ ശ്രമിച്ചെങ്കിലും മന്ത്രി സമ്മതിച്ചില്ല. സംഭവത്തെ തുടര്‍ന്നു അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ മന്ത്രിയുടെ വീട് ഉപരോധിച്ചു. എന്നാല്‍, താന്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.