അന്തരിച്ച ബിജെപി എംപിയുടെ മകന്‍ ഉപതിരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥി; ബിജെപിയെ വെട്ടിലാക്കി ശിവസേനയുടെ രാഷ്ട്രീയ നീക്കം

single-img
8 May 2018

മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ശിവസേന. ബി.ജെ.പി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ തന്നെ രംഗത്തിറക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ശിവസേന.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചയാളെ തന്നെയാണ് ശിവസേന സ്വന്തം പാളയത്തിലെത്തിച്ച് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സിറ്റിങ് എംപിയും ബിജെപി നേതാവുമായ ചിന്താമണ്‍ വനഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വ്യാഴാഴ്ച ചിന്താമണ്‍ വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേര്‍ന്നു. തൊട്ടുപിന്നാലെ ചിന്താമണിന്റെ മകന്‍ ശ്രീനിവാസ വനഗയെ ശിവസേന സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ശിവസേനയുടെ ഈ നീക്കം ബിജെപി കേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. തിങ്കളാഴ്ച മാതോശ്രീയില്‍ നടന്ന യോഗത്തില്‍ പ്രാദേശിക നേതാക്കള്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേയോട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയ നിര്‍ത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചു.

പിന്നീടുള്ള നീക്കങ്ങള്‍ വളരെവേഗമായിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശിവസേന തീരുമാനം കൂടി വന്നതോടെ കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുന്നത്. ശ്രീനിവാസ വനഗ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ സംസ്ഥാനത്ത് പാര്‍ട്ടിയുടെ ശക്തിയളക്കുന്നതിനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ശക്തമായ നീക്കങ്ങളാണ് ശിവസേന നടത്തുന്നത്. സേന തങ്ങള്‍ക്കെതിരായി മത്സരിച്ചാല്‍ കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടേതായ രീതിയില്‍ അതിന് മറുപടി നല്‍കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഭീഷണിമുഴക്കിയിരുന്നു. ശിവസേനയുടെ നേതാക്കളെ മറുകണ്ടം ചാടിക്കുമെന്നും അവരുടെ നീക്കത്തിനായി കാത്തിരിക്കുകയാണെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു.