ഭരണഘടനാബെഞ്ച് രൂപീകരിച്ചത് ആര്; ഹര്‍ജി പരിഗണിക്കുംമുമ്പ് എങ്ങനെ ഭരണഘടനാ ബെഞ്ചിന് വിട്ടു; ഇംപീച്ച്‌മെന്റ് ഹര്‍ജി പിന്‍വലിച്ച് നാടകീയ നീക്കവുമായി കോണ്‍ഗ്രസ്

single-img
8 May 2018

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരായ കുറ്റവിചാരണ നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഭരണഘടന ബെഞ്ച് രൂപീകരിച്ചതില്‍ അവ്യക്തതയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പിന്‍വലിച്ചത്.

ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് എങ്ങിനെ ഭരണഘടന ബെഞ്ചിന് വിട്ടു. ആരാണ് ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ലാത്തതിനാലുമാണ് ഹര്‍ജി പിന്‍വലിച്ചതെന്നും ഇതിന് ഭരണഘടന ഉത്തരവ് വേണമെന്നും കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിപല്‍ അറിയിച്ചു.

കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ സാധിക്കൂ. ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് കാണണമെന്നും അത്തരമൊരു ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു കൊണ്ടാണ് കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിച്ചത്.

ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നാടകീയ നീക്കം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരെയും ഒഴിവാക്കിയാണ് അഞ്ചാംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചിരുന്നത്.

ജസ്റ്റിസുമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, എന്‍.വി.രമണ, അരുണ്‍ മിശ്ര, എ.കെ.ഗോയല്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. ഒരു ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ഭരണഘടനാബെഞ്ചിന് വിടുന്നത് അസാധാരണ നടപടിയാണ്.

ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നത്. ഉപരാഷ്ട്രപതി ഭരണഘടനയിലെയും ജഡ്ജസ് ഇന്‍ക്വയറി നിയമത്തിലെയും വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അധികാരപരിധിയും കടന്ന് ആരോപണങ്ങളുടെ വിശദാംശങ്ങള്‍ ഉപരാഷ്ട്രപതി പരിശോധിച്ചുവെന്നും കോണ്‍ഗ്രസ് എം.പിമാരായ പ്രതാപ് സിങ് ബാജ്വ, അമീ ഹര്‍ഷേന്ദ്ര യാജ്‌നിക് എന്നിവര്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.