യേശുദാസിന്റ മേല്‍ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം; സെല്‍ഫി വിവാദത്തില്‍ യേശുദാസിനെ പിന്തുണച്ച് സലിം കുമാര്‍

single-img
8 May 2018


സെല്‍ഫി വിവാദത്തില്‍ യേശുദാസിനെ പിന്തുണച്ച് നടന്‍ സലിം കുമാര്‍. യേശുദാസിന് അല്‍പ്പം അഹങ്കരിക്കാനുള്ള അവകാശമുണ്ടെന്നാണ് സലിം കുമാര്‍ അഭിപ്രായപ്പെട്ടത്. അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും സലിം കുമാര്‍ പറഞ്ഞു. ‘യേശുദാസ് നടന്നുവരുമ്പോള്‍ അനുവാദം ചോദിക്കാതെ എടുത്ത സെല്‍ഫി അദ്ദേഹം വാങ്ങി ഡിലീറ്റ് ചെയ്തു.

അതിലെന്താണു തെറ്റ്? കൂടെനില്‍ക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണ് സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം. അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ റെഗുലര്‍ ഫോട്ടോ എടുക്കാം. യേശുദാസിന്റ മേല്‍ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം’, സലിം കുമാര്‍ നിലപാട് വ്യക്തമാക്കി.

അതേസമയം അവാര്‍ഡ് നിരസിച്ചവരുടെ നിലപാടു പോലെ തന്നെ അതു സ്വീകരിക്കാനുള്ള നിലപാടെടുക്കാന്‍ യേശുദാസിനും അവകാശമുണ്ടെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാരം 11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി നല്‍കൂവെന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും യേശുദാസ് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ആരാധകന്‍ സെല്‍ഫിയെടുത്തത്. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു യേശുദാസ് ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്.