മാഹിയില്‍ സിപിഎം പ്രവര്‍ത്തകനെ കൊന്നത് ആര്‍എസ്എസ് തന്നെ; സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ് ആഘോഷം: തെളിവുകള്‍ പുറത്ത്

single-img
8 May 2018

‘ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റെയും, ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും’. കണ്ണൂരില്‍നിന്നുള്ള ശരത് സച്ചു എന്ന സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്.

മാഹിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ ഒരു സംഘം വെട്ടിക്കൊന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെയെത്തുന്ന കമന്റുകളും സമാന അഭിപ്രായത്തിലുള്ളതാണ്. ബാബു കണ്ണിപ്പൊയിലിനെ വെട്ടിക്കൊന്നത് ആര്‍എസ്എസ് തന്നെയെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ പോസ്റ്റെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

അതിനിടെ മാഹിയില്‍ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവം രാഷ്ട്രീയ കൊപാതകമാണെന്ന് പൊലീസിന്റെ എഫ്.ഐ.ആര്‍. സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ (47), ബി.ജെ.പി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ പെരിങ്ങാടിയിലെ ഷമേജ് (41) എന്നിവരാണ് മരിച്ചത്. ബാബുവിനെ വെട്ടിക്കൊന്നതിന് പകരമായാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എഫ്.ഐ.ആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

പള്ളൂരില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബാബു വീട്ടിലേക്ക് മടങ്ങവെ കോയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനടുത്തു വച്ച് അക്രമികള്‍ റോഡില്‍ വളഞ്ഞിട്ട് വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാരമായിവെട്ടേറ്റ ഷമേജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരണമടഞ്ഞു. പെരുങ്ങാടി കല്ലായി അങ്ങാടിയില്‍ മാധവന്‍ വിമല ദമ്പതികളുടെ മകനാണ്.
കൊപാതകത്തില്‍ പ്രതിഷേധിച്ച് മാഹിയിലും കണ്ണൂര്‍ ജില്ലയിലും ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സി.പി.എം ഹര്‍ത്താല്‍ നടത്തുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.