അഫ്ഗാനിസ്താന്റെ അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ്: കോഹ്ലിയില്ല; അജിന്‍ക്യ രഹാനെ ഇന്ത്യയെ നയിക്കും

single-img
8 May 2018

അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ അജിന്‍ക്യ രഹാനെ നയിക്കും. ജൂണ്‍ 14 മുതല്‍ ബെംഗളൂരുവില്‍ വെച്ചാണ് അഫ്ഗാനിസ്താന്‍ ഇന്ത്യ പോരാട്ടം. ടെസ്റ്റ് പദവി കിട്ടിയ ശേഷം അഫ്ഗാന്റെ അരങ്ങേറ്റ പോരാട്ടമാണിത്.

ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന പരമ്പരയ്ക്ക് ഒരുങ്ങുന്നതിനുവേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന വിരാട് കോഹ്‌ലിക്ക് പകരമാണ് രഹാനെ ഇന്ത്യയെ നയിക്കുക. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് രഹാനെ.

ചൊവ്വാഴ്ച മുംബൈയില്‍ നടക്കുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിലാവും രഹാനെയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആറു വ്യത്യസ്ത ടീമുകളെയാകും സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും. അഫ്ഗാനെതിരെയുള്ള ടെസ്റ്റ് ടീമിന് പുറമെ, ഇംഗ്ലണ്ട് എ ടീമിനെതിരെയുള്ള ഇന്ത്യന്‍ എ ടീം, ത്രിരാഷ്ട്ര ടൂര്‍ണമെന്റിനുള്ള എ ടീം, അയര്‍ലന്‍ഡിലേക്കുള്ള ട്വന്റി20 ടീം, ഇംഗ്ലണ്ടിലേക്കുള്ള ഏകദിന, ട്വന്റി20 ടീമുകള്‍ എന്നിവയാണ് ചൊവ്വാഴ്ച സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക.

കൂടുതല്‍ യുവതാരങ്ങള്‍ക്ക് വ്യത്യസ്ത ടീമുകളിലായി അവസരം കിട്ടിയേക്കും. ഐ.പി.എല്ലില്‍ മികച്ച ഫോമിലുള്ള താരങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.