കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാന്‍ എല്‍ഡിഎഫ് ഭരണം കൊണ്ടു കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി; പിണറായി വട്ടപൂജ്യമെന്നും ഡിജിപി കാല്‍ക്കാശിന് കൊള്ളാത്തയാളെന്നും ചെന്നിത്തല

single-img
8 May 2018

തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

2011-16 കാലഘട്ടത്തിലുണ്ടായിരുന്ന അപമാനകരമായിരുന്ന അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടി.

ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണു രാവിലെ പത്രമാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായും ഉച്ചകഴിഞ്ഞ് ദൃശ്യമാധ്യമ എഡിറ്റര്‍മാരുമായും ആശയവിനിമയം നടത്തിയത്.

ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പശ്ചാത്തല വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. സ്ഥലമെടുക്കുന്നതിലുളള ചെറിയ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണ്. നിശ്ചിത സമയത്തു തന്നെ ദേശീയപാത വികസനം പൂര്‍ത്തിയാക്കാന്‍ കഴിയും.

ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. ജൂണ്‍ മുതല്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വ്യവസായ രംഗത്ത് പ്രകൃതിവാതകം ലഭ്യമാകും. കൂടംകുളത്തുനിന്നു വൈദ്യുതി എത്തിക്കുന്ന കാര്യത്തിലും പുരോഗതിയുണ്ട്.
ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമുളള സംസ്ഥാനമാണു കേരളം. തെളിയിക്കപ്പെടാത്ത ഒട്ടേറെ കേസുകള്‍ പൊലീസ് തെളിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും പൊലീസ് മികവു തെളിയിച്ചു.

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പൊലീസ് മികച്ച പ്രവര്‍ത്തനമാണു നടത്തുന്നത്. അതേസമയം, ചില പൊലീസുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സേനയ്ക്കു കളങ്കമുണ്ടാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും.

വാരാപ്പുഴയില്‍ കസ്റ്റഡി മരണമുണ്ടായപ്പോള്‍ സര്‍ക്കാര്‍ എടുത്ത നടപടി ഇതിനു തെളിവാണ്. പരാതിയുയര്‍ന്ന ഉടനെ അന്വേഷണം നടത്തി പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കസ്റ്റഡി മരണങ്ങള്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും ശക്തമായ നടപടി ഒരിക്കലും ഉണ്ടായിട്ടില്ല. മറ്റേതെങ്കിലും ഏജന്‍സികളുടെ ഇടപെടലോ സമ്മര്‍ദ്ദമോ ഇല്ലാതെയാണു സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വട്ടപൂജ്യമാണെന്നും ഡിജിപി കാല്‍ക്കാശിന് കൊള്ളാത്തയാളാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹം ആഭ്യന്തരം ഒഴിയാല്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഉപരോധ സമരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ചെന്നിത്തലയെ ഉള്‍പ്പെടെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.