മോദിയും അമിത് ഷായും വിയര്‍പ്പൊഴുക്കിയത് വെറുതെയാകും; വോട്ടെടുപ്പിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ ഞെട്ടിച്ച് പുതിയ അഭിപ്രായ സര്‍വെ

single-img
8 May 2018

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എബിപി ന്യൂസിന്റെ അഭിപ്രായ സര്‍വെ. ആകെയുള്ള 223 സീറ്റുകളില്‍ 97 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ കക്ഷിയാകുമെന്നാണ് സര്‍വെ പറയുന്നത്.

കര്‍ണാടകത്തില്‍ വോട്ടെടുപ്പിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ പുറത്തുവന്ന അഭിപ്രായ സര്‍വെ ഫലം കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമായി. ബിജെപിക്ക് 84 സീറ്റ് വരെ ലഭിച്ചേക്കാം. 38 ശതമാനം വോട്ട് കോണ്‍ഗ്രസിനും 33 ശതമാനം വോട്ട് ബിജെപിക്കും ലഭിക്കുമ്പോള്‍ ജെഡിഎസ്സിന് 22 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്.

ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന് പറയുന്ന സര്‍വെ 37 സീറ്റ് വരെ നേടിയേക്കാവുന്ന ജെഡിഎസ് ആര് ഭരിക്കണമെന്ന് നിശ്ചയിക്കുമെന്നും പറയുന്നു. അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 43 ശതമാനവും സിദ്ധരാമയ്യയുടെ ഭരണം നല്ലതായിരുന്നുവെന്ന് വ്യക്തമാക്കി.

വികസനത്തിന് കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്ന് 38 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 32 ശതമാനം ബിജെപിയെ പിന്തുണക്കുന്നു. ഗ്രാമീണവോട്ടര്‍മാരില്‍ 39 ശതമാനവും പിന്തുണക്കുന്നത് കോണ്‍ഗ്രസിനേയാണ്. ഇവിടെ 32 ശതമാനമാണ് ബിജെപിയെ പിന്തുണക്കുന്നത്.

ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കാനുള്ള തീരുമാനം സിദ്ധരാമയ്യ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടും സമുദായത്തിലെ 61 ശതമാനം പേരും ബിജെപിയെ തന്നെയാണ് പിന്തുണക്കുന്നതെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.