‘ഞങ്ങളുടെ പ്രിയ പ്രധാനമന്ത്രിയുടെ മാതാവ് ഇപ്പോഴും ഓട്ടോയിലാണ് യാത്ര ചെയ്യുന്നത്’; വ്യാജ പ്രചാരണത്തിനായി മോദിയുടെ അമ്മയുടെ ചിത്രം ഉപയോഗിച്ച കേന്ദ്രമന്ത്രി വെട്ടിലായി

single-img
8 May 2018

ന്യൂഡല്‍ഹി: വ്യാജ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ ചിത്രം ഉപയോഗിച്ച് വെട്ടിലായിരിക്കുകയാണ് കേന്ദ്രമന്ത്രി വിജയ് സാംപ്ലെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനായി മോദിയുടെ അമ്മ ഓട്ടോറിക്ഷയിലിരിക്കുന്ന ചിത്രമാണ് സാംപ്ല ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. കൂട്ടത്തില്‍ ഇങ്ങനെയൊരു കുറിപ്പും നല്‍കി:

‘ഞങ്ങളുടെ പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഇപ്പോഴും ഓട്ടോയിലാണ് യാത്ര ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ അമ്മയാണ് ലോകത്തിലെ നാലാമത്തെ സമ്പന്നയായ രാഷ്ട്രീയക്കാരി’. സാംപ്ലെ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം വിമര്‍ശനവുമായി നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.

മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് എടുത്ത ചിത്രങ്ങളാണിതെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. വോട്ടു ചെയ്യാനായി പോകുന്ന സമയത്ത് പകര്‍ത്തിയ ചിത്രമായിരുന്നു ഇതെന്നും സോഷ്യല്‍ മീഡിയ തുറന്നുകാട്ടുകയായിരുന്നു.

2014 മെയില്‍ എടുത്ത ചിത്രമാണിതെന്ന് സോഷ്യല്‍മീഡിയ വാദിക്കുന്നു. മിക്ക മാധ്യമങ്ങളും അന്ന് പിടിഐയ്ക്ക് കടപ്പാട് നല്‍കിക്കൊണ്ടാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. ‘ഇത് ഫോട്ടോഷോപ്പല്ല. 2014ല്‍ അവര്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ എടുത്ത ചിത്രമാണ്. നോട്ടുനിരോധനസമയത്ത് അവരെ ക്യൂവില്‍ നിര്‍ത്തിയതുപോലെ.’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

മറ്റൊരു കൂട്ടര്‍ പറയുന്നത് ഇങ്ങനെയാണ്: ‘ പ്രധാനമന്ത്രിയുടെ അമ്മ ഇങ്ങനെയാണ് ജീവിക്കുന്നതെങ്കില്‍ ലജ്ജ തോന്നുന്നു. മോദി വിമാനത്തില്‍ യാത്രചെയ്ത്, സമ്പന്ന ജീവിതം നയിക്കുകയും, വിലകൂടിയ വസ്ത്രങ്ങളും ഡ്രൈഫ്രൂട്ടുകളും കഴിക്കുമ്പോള്‍ അമ്മയെ ഇതുപോലെ ജീവിക്കാന്‍ വിടുകയാണെങ്കില്‍ മോദിക്ക് ജീവിക്കാന്‍ പോലുമുള്ള അര്‍ഹതയുണ്ടാവില്ലെന്നാണ് ഇക്കൂട്ടരുടെ പരിഹാസം.

അതേസമയം ചിത്രം ഫോട്ടോഷോപ്പാണെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. ചിത്രത്തില്‍ ഹീരാബെന്നിന്റെ ഒരു കൈ മറ്റൊരാള്‍ പിടിച്ചിട്ടുണ്ടെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബൂംലൈവ് എന്ന ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് ഈ ചിത്രം ഫോട്ടോഷോപ്പ് അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.