തോറ്റുകഴിയുമ്പോള്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനെ പഴിക്കുമെന്ന് മോദി; ‘രാഹുലിന് കോണ്‍ഗ്രസിനെ ജയിപ്പിക്കാനുള്ള കഴിവില്ല’

single-img
8 May 2018

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു കഴിയുമ്പോള്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന് കുറ്റം പറയുമെന്ന് മോദി പറഞ്ഞു.

കര്‍ണാടകത്തിലെ കര്‍ഷകര്‍ക്കായി എന്താണ് കോണ്‍ഗ്രസ് ചെയ്തത്. സംസ്ഥാനം വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. കര്‍ണാടകത്തിലെ മന്ത്രിമാരില്‍ അഴിമതി ആരോപണം നേരിടാത്ത ഒരു മന്ത്രിയുടെ പേരെങ്കിലും പറയാന്‍ കഴിയുമോയെന്നും മോദി ചോദിച്ചു.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് കോണ്‍ഗ്രസ് സോണിയ ഗാന്ധിയെ പ്രചരണത്തിനെത്തിക്കുന്നതെന്നു മോദി പരിഹസിച്ചു. ജാതിയുടേയും മതത്തിന്റേയും പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം അവര്‍ കാലങ്ങളായി പിന്തുടര്‍ന്ന് വരുന്നതാണ്. സഹോദരങ്ങളെ പോലെ ജീവിക്കേണ്ടവരെ തമ്മിലടിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് കോണ്‍ഗ്രസ് എപ്പോഴും സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന് ബസവേശ്വരയുടെ അനുയായികള്‍ അനുവദിക്കില്ല. എന്തുവില കൊടുത്തും അവര്‍ അതിനെ ചെറുക്കും – മോദി പറഞ്ഞു.