മോദിയും അമിത് ഷായും കൊലക്കുറ്റത്തില്‍നിന്നു രക്ഷപ്പെടാന്‍ തന്നെ സമീപിച്ചിരുന്നു; ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി

single-img
8 May 2018

മോദിയും അമിത് ഷായും കൊലപാതകക്കുറ്റങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ തന്നെ സമീപിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി. ബെംഗളൂരു പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ-ദ-പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനത്തേക്കു പിന്‍തുണച്ചതുവഴി താന്‍ വിഡ്ഢിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘വിദേശബാങ്കുകളില്‍നിന്ന് കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനം കേട്ടാണ് ഞാന്‍ മോദിയെ പിന്‍തുണച്ചത്. അതൊരു പൊള്ളയായ വാഗ്ദാനമായിരുന്നെന്ന് പിന്നീടു മനസ്സിലായി. 1400 ഇന്ത്യക്കാരുടെ 90 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശത്തുണ്ട്. 2009 മുതല്‍ അതിനെതിരേ ഞാന്‍ പോരാടി. അതിന് മോദിയുടെയും ഷായുടെയും പിന്തുണ തേടി.

അവര്‍ പിന്‍തുണയറിയിച്ചു. പിന്നീടാണ് അവരെന്തിനാണ് എന്റെ വീട്ടില്‍ വന്നതെന്നു മനസ്സിലാക്കിയത്. അവരുടെ പേരിലുള്ള കൊലപാതകക്കുറ്റങ്ങളില്‍നിന്നു രക്ഷപ്പെടാനാണ് അവരെന്നെ സമീപിച്ചത്.’- ബി.ജെ.പി. മുന്‍ എം.പി.യായ ജേഠ്മലാനി ആരോപിച്ചു.

കള്ളപ്പണത്തിനെതിരായ പോരാട്ടം താന്‍ തുടര്‍ന്നെന്നും അതുമായി ബന്ധപ്പെട്ട കേസിന്റെ അടുത്ത വാദം ജൂലായ് 15-ന് സുപ്രീംകോടതിയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘ജര്‍മനിയും സ്വിറ്റ്‌സര്‍ലന്‍ഡും കള്ളപ്പണം കൈയിലുള്ളവരുടെ പട്ടിക തരാന്‍ തയ്യാറാണ്. പക്ഷേ, സര്‍ക്കാര്‍ അതില്‍ കൃത്യമായ തീരുമാനമെടുക്കുന്നില്ല.

വിദേശത്തുനിന്ന് കള്ളപ്പണം കൊണ്ടുവരുമെന്ന് മോദി മുന്‍പ് നല്‍കിയ ഉറപ്പിനു വിപരീതമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.’- അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടകയിലെ സമ്മതിദായകര്‍ ബി.ജെ.പി.യെ തോല്‍പ്പിക്കണമെന്നും മോദിയെയും ഷായെയും ശരിയായ പാഠംപഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.