മാഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നു; ബിജെപി ഓഫീസിനും പൊലീസ് ജീപ്പിനും തീയിട്ടു

single-img
8 May 2018

സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ വെട്ടേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ മാഹിയില്‍ സംഘര്‍ഷം തുടരുന്നു. മാഹി ഇരട്ടപിലാക്കൂലില്‍ ബിജെപി ഓഫീസിന് തീവച്ചു. സംഭവത്തിനിടെ പുതുച്ചേരി പൊലീസിന്റെ ജീപ്പും അഗ്‌നിക്കിരയാക്കി. മേഖലയില്‍ സംഘര്‍ഷാവസ്ഥയാണ്.

മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം മാഹി ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കണ്ണൂരിലും തലശ്ശേരിയിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിനു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാരംഭിച്ച വിലാപയാത്ര നാലിന് മാഹി ഈസ്റ്റ് പള്ളൂരിലെ വീട്ടിലെത്തി. പണി പൂര്‍ത്തിയാകാത്ത വീടിനു സമീപമായിരുന്നു സംസ്‌കാരം.

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ കെ.പി. ഷമേജിന്റെ പോസ്റ്റ്‌മോര്‍ട്ടം മനഃപൂര്‍വം വൈകിപ്പിച്ചെന്നാരോപിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിജെപിക്കാര്‍ പ്രതിഷേധിച്ചു. രാവിലെ പത്തിന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായതാണ്.

ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചതെന്ന് ബിജെപിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് എന്നിവര്‍ ആരോപിച്ചു. പ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ മെഡിക്കല്‍ കോളജിലുണ്ടായിരുന്നു. പിന്നീട് ഷമേജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി മാഹിയിലേക്കു കൊണ്ടുവന്നു.