ചേട്ടനുമായുള്ള വഴക്കിനെത്തുടര്‍ന്ന് ‘വിഗതകുമാരന്റെ’ ഫിലിം റോളുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു; ജെ.സി.ഡാനിയേലിന്റെ മകന്‍ പറയുന്നു

single-img
8 May 2018

ആദ്യ ചലച്ചിത്രമായ വിഗതകുമാരന്റെ ഫിലിംചുരുള്‍ നശിപ്പിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ജെ.സി. ഡാനിയേലിന്റെ ഇളയമകന്‍ ഹാരിസ് ഡാനിയേല്‍. ചിത്രത്തിലഭിനയിച്ച മൂത്തസഹോദരനോടുള്ള അനിഷ്ടം കാരണമാണ് താന്‍ ചെറുപ്പത്തില്‍ ആ ഫിലിംചുരുള്‍ നശിപ്പിച്ചതെന്ന് ഹാരിസ് പറഞ്ഞു.

മലയാള സൗഹൃദ ചലച്ചിത്രവേദി സംഘടിപ്പിച്ച മലയാള സിനിമയുടെ നവതിയാഘോഷത്തില്‍ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മലയാളസിനിമയുടെ പിതാവ് എന്ന് അച്ഛന്‍ അറിയപ്പെടുന്നതിലും മലയാളത്തിലെ ഏറ്റവും മികച്ച അവാര്‍ഡ് അദ്ദേഹത്തിന്റെ പേരിലായതിലും ഏറെ സന്തോഷമുണ്ട് -ഹാരിസ് ഡാനിയേല്‍ പറഞ്ഞു.

‘ബാല്യത്തില്‍ സഹോദരനുമായി എപ്പോഴും വഴക്കുണ്ടാവും. ചേട്ടനുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഏഴോ എട്ടോ വയസ്സായിരിക്കുമ്പോള്‍ ചേട്ടന്‍ അഭിനയിച്ച രംഗങ്ങളുള്‍പ്പെടുത്തിയ ഫിലിം റോളുകള്‍ താനും സുഹൃത്തുക്കളും തീയിട്ട് നശിപ്പിക്കുകയായിരുന്നു.

ഇന്ന് ആ ഫിലിം റോള്‍ ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം വിലയുണ്ടായേനെ എന്ന് തിരിച്ചറിയുന്നു. ചെറിയ കുട്ടിയാണെങ്കിലും അന്നത് നശിപ്പിച്ചതില്‍ നഷ്ടബോധമുണ്ട്’, ഹാരിസ് പറഞ്ഞു. 1928ലാണ് സിനിമയുടെ ജോലി തുടങ്ങിയത്. 108 ഏക്കറോളം സ്ഥലം വിറ്റിട്ടാണ് സിനിമയെടുത്തതെന്നും ഹാരിസ് പറഞ്ഞു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കോഴിക്കോട് നാരായണന്‍ നായര്‍, കുട്ട്യേടത്തി വിലാസിനി, ദീദി ദാമോദരന്‍, രാകേഷ് ബ്രഹ്മാനന്ദന്‍, സിബെല്ല സദാനന്ദന്‍, വേണുഗോപാല്‍, സുനില്‍ ഭാസ്‌കര്‍, പി.ജി രാജേഷ്, ജോസ് മാവേലി, ഷാജി പട്ടിക്കര, അജിത്ത് നാരായണന്‍, റോഷ്‌നി രൂപേഷ്, ജയന്തി ജെ. തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.