കണ്ണൂരില്‍ സുരക്ഷ ശക്തമാക്കുമെന്ന് ഡിജിപി; കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പി.ജയരാജന്‍; പോലീസിന് വീഴ്ചയുണ്ടായെന്ന് കുമ്മനം

single-img
8 May 2018

തിരുവനന്തപുരം: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഹര്‍ത്താലില്‍ ആക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യാപിക്കാതിരിക്കാന്‍ പോലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

കേരളാ അതിര്‍ത്തിയിലും മാഹിയിലുമാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍, പുതുച്ചേരി പോലീസ് മേധാവി അന്വേഷണത്തിന് കേരളാ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ഭാഗ്യകരമായ സംഭവമാണ് മാഹിയിലുണ്ടായത്. കൊലപാതകത്തില്‍ പ്രതികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യും. പ്രതികള്‍ക്കെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അതേസമയം കണ്ണൂരില്‍ സുരക്ഷയൊരുക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒരു അക്രമസംഭവം നടന്നതിന്റെ പിന്നാലെ പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നും കുമ്മനം പറഞ്ഞു.

കണ്ണൂരില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ട് കൊലപാതകങ്ങളിലും പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരുടെ രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകങ്ങള്‍ വര്‍ധിച്ചുവരികയാണ്. കണ്ണൂരില്‍ ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്ന ആക്രമ സംഭവങ്ങള്‍ക്ക് മറുപടി പറയാന്‍ പിണറായി സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കുമ്മനം പറഞ്ഞു.

അക്രമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നിര്‍ബാധം അത് തുടരാനുള്ള അവസരം ഇപ്പോള്‍ കേരളത്തിലുണ്ട്. അക്രമവും സംഘര്‍ഷവും നടക്കുന്ന മേഖലകളില്‍ ജീവിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.

അതിനിടെ, സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെ കൊലക്കത്തി താഴെ വയ്ക്കാന്‍ തയാറല്ലെന്നാണ് ഈ കൊലപാതകത്തിലൂടെ വീണ്ടും തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ആര്‍എസ്എസ് ആക്രമങ്ങള്‍ക്കെതിരായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നുവരണം. തൊക്കിലങ്ങാടിയില്‍ നടന്ന ആര്‍എസ്എസ് ക്യാമ്പിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകനെ വധിച്ചത്. മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം നിര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവം ഇനി ആര്‍ത്തിക്കാന്‍ പാടില്ലെന്നും ജയരാജന്‍ പറഞ്ഞു.

ബാബുവിന്റെ കൊലപാതകത്തില്‍ മാഹി പോലീസിന്റെ ഫലപ്രദമായ അന്വേഷണം വേണം. ആര്‍എസ്എസിനെ സഹായിക്കുന്ന മാഹി പോലീസിന്റെ സമീപനം തിരുത്താന്‍ തയാറാവണം. ഇതിന്റെ പിന്നാലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.