തെരഞ്ഞെടുപ്പ് വരുമ്പോള്‍ കൊലപാതകവും കലാപവും സൃഷ്ടിക്കുന്നത് ആര്‍എസ്എസിന്റെ സ്ഥിരം തന്ത്രമാണെന്ന് തോമസ് ഐസക്; ഇരുളിന്റെ മറപറ്റി വെട്ടിവീഴ്ത്താവുന്ന ഒന്നല്ല പുരോഗമന രാഷ്ട്രീയമെന്ന് കോടിയേരി

single-img
8 May 2018

 

കൊച്ചി: ഇരുളിന്റെ മറപറ്റി വെട്ടിവീഴ്ത്താവുന്ന ഒന്നല്ല പുരോഗമന രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കഴുത്തറുത്തില്ലാതാക്കാന്‍ സാധിക്കില്ലെന്നും, ധീര രക്തസാക്ഷി സഖാവ് കെപി ദിനേശ്ബാബു ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒരിക്കലും പാഴാവുകയില്ലെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് വരുമ്പോള്‍ കൊലപാതകവും സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്നത് ആര്‍എസ്എസിന്റെ സ്ഥിരം തന്ത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തയ്യാറല്ല എന്ന ആര്‍എസ്എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകമെന്നും ഐസക് പറഞ്ഞു.

കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചുവടുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആര്‍എസ്എസിന് ഒരു കലാപം കൂടിയേ തീരൂ എന്നും, സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവര്‍ സഖാവ് ബാബുവിനെ പതിയിരുന്നു കൊലപ്പെടുത്തിയതെന്നും ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.