ബിജെപി നേതാവിന്റെ മകന്‍ പീഡിപ്പിച്ചു; കുറ്റവാളിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ട്രേറ്റിന് മുന്‍പില്‍ യുവതിയുടെ ധര്‍ണ

single-img
8 May 2018

 

ഉന്നാവോ കേസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ബിജെപി നേതൃത്വത്തെ വെട്ടിലാക്കി പീഡനാരോപണം. ബിജെപി എംഎല്‍എ റോഷന്‍ ലാലിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. കുറ്റവാളിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും കുടുംബവും ഷാജഹന്‍പൂരിലെ കലക്ട്രേറ്റിന് മുന്‍പില്‍ ധര്‍ണ തുടങ്ങി.

നേരത്തെ ഉന്നാവോയില്‍ 16കാരിയെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്ത സംഭവത്തിലും പൊലീസ് ആദ്യം നടപടിയെടുത്തിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്‍പില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് കേസെടുത്തതും എംഎല്‍എയെ അറസ്റ്റ് ചെയ്തതും.

ഇതിനു പുറകെയാണ് പുതിയ സംഭവം. 2011ലാണ് താന്‍ പീഡനത്തിന് ഇരയായതെന്ന് യുവതി പറഞ്ഞു. ഇതുവരെ കുറ്റവാളിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. കുറ്റവാളിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കലക്ട്രേറ്റിന് മുന്‍പില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞു. അതേസമയം എംഎല്‍എയുടെ മകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.