മുന്നണിയിലെ പൊട്ടിത്തെറി അവസാനിപ്പിക്കാന്‍ ശ്രീധരന്‍ പിള്ള തന്നെ രംഗത്തിറങ്ങി: വെള്ളാപ്പള്ളി നടേശനുമായി നിര്‍ണായക കൂടിക്കാഴ്ച

single-img
7 May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നെയുള്ള മുന്നണിയിലെ പൊട്ടിത്തെറി അവസാനിപ്പിക്കാന്‍ സ്ഥാനാര്‍ഥി തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇടഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള നേരിട്ടെത്തി.

ഞായറാഴ്ച രാത്രി കണച്ചികുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെയും എസ്എന്‍ഡിപിയുടെയും പിന്തുണ തേടിയാണ് ശ്രീധരന്‍ പിള്ള എത്തിയത്. എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഘടകകക്ഷി ബി.ഡി.ജെ.എസ് പങ്കെടുക്കാത്ത സാഹചര്യത്തിലുള്ള കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ബി.ഡി.ജെ.എസിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിലുള്ള അമര്‍ഷം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതായി വെള്ളാപ്പള്ളി മാധ്യമങ്ങളെ അറിയിച്ചു.

പാര്‍ട്ടിക്ക് പരിഗണ നല്‍കാത്തതിലുള്ള അമര്‍ഷം കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളാപ്പള്ളി പങ്കുവച്ചിരുന്നു. പാര്‍ട്ടി സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.