ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍തൂക്കമെന്ന് വെള്ളാപ്പള്ളി: ബിജെപിക്കും സിപിഎം നേതാവ് എം.വി. ഗോവിന്ദനും രൂക്ഷവിമര്‍ശനം

single-img
7 May 2018

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കാസര്‍ക്കോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്.

ഒരു നിമിഷം വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ല. കേരള ഘടകത്തിന് ആവശ്യമുള്ളത് ചോദിച്ച് വാങ്ങുന്നു, പക്ഷേ ഘടകകക്ഷികള്‍ക്ക് വേണ്ടത് കൊടുക്കാന്‍ ശ്രമിക്കാത്ത അടവുനയമാണ് ബിജെപിയുടേത്. ബി.ഡി.ജെ.എസിന്റെ പിന്തുണ ഉണ്ടായതു കൊണ്ടാണ് കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് 45,000ല്‍പരം വോട്ട് കിട്ടിയത്.

ഇത്തവണ ബി.ഡി.ജെ.എസിന്റെ പിന്തുണ ഇല്ലാതെ വന്നാല്‍ ആ വോട്ട് കുറയുമെന്നത് സ്വാഭാവികമാണ്. ചെങ്ങന്നൂരില്‍ നിലവില്‍ സജി ചെറിയാനാണ് മുന്‍തൂക്കമുള്ളതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശ്രീധരന്‍പ്പിള്ള മൂന്നാം സ്ഥാനത്താണെന്നും വ്യക്തമാക്കി. ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന മുന്‍നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കേണ്ടതില്ലെന്നു പ്രതികരിച്ച എം.വി. ഗോവിന്ദന്റെ നിലപാടിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കേണ്ടതില്ലെന്ന പരാമര്‍ശം അനവസരത്തിലുള്ളതാണ്. സിപിഎമ്മിന്റെ നിലപാടു പറയേണ്ടതു പാര്‍ട്ടി സെക്രട്ടറിയാണ്. മധ്യകേരളത്തിലെ രാഷ്ട്രീയം അറിയാഞ്ഞിട്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. ബിഡിജെഎസ് വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണത്തിന്, എല്‍ഡിഎഫിലുള്ളതു മതേതര പര്‍ട്ടികള്‍ മാത്രമാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.