ആനൈക്കട്ടിയില്‍ പുതിയ ഇനം പാമ്പിനെ കണ്ടെത്തി

single-img
7 May 2018

ഭൂപതി ഷീല്‍ഡ് ടെയില്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ പാമ്പിനെ തമിഴ്‌നാട്ടിലെ ആനൈക്കട്ടിയില്‍ കണ്ടെത്തിയത് കോയമ്പത്തൂരിലെ സലിം അലി സെന്ററിലെ ഗവേഷകരാണ്. നാല്‍പ്പത് സെന്റിമീറ്റര്‍ നീളമുള്ള പാമ്പിന് വയര്‍ഭാഗത്ത് 200 ലേറെ വരകളുമുണ്ട്. എന്നാല്‍ വിഷമില്ലാത്ത വിഭാഗത്തിലാണ് പുതിയ ഇനം ഉള്‍പ്പെട്ടിരിക്കുന്നത്.

പ്രശസ്ത ഹെര്‍പ്പറ്റോളജിസ്റ്റായിരുന്ന എസ് ഭൂപതിയുടെ സ്മരണാര്‍ത്ഥമാണ് പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പുതിയ ഇനം പാമ്പിന് ഭൂപതി ഷീല്‍ഡ് ടെയില്‍ എന്ന പേര് നല്‍കിയത്. മണ്ണിരകളാണ് ഇവയുടെ പ്രധാന ആഹാരം. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും സര്‍വ്വസാധാരണമായി കണ്ടെത്തുന്ന ഷീല്‍ഡ് ടെയില്‍ വിഭാഗത്തില്‍പ്പെട്ട ഇനമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

2015ല്‍ കണ്ടെത്തിയ പാമ്പിനെ പുതിയ ഇനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ലണ്ടന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ വിദഗ്ദ്ധരുടെ അഭിപ്രായം തേടിയത്. ഇവരുടെ പ്രതികരണവും അനുകൂലമായതോടെയാണ് ആനൈക്കട്ടിയില്‍ കണ്ടെത്തിയത് പുതിയ ഇനം പാമ്പാണെന്ന് ഉറപ്പിച്ചത്.