കത്‌വ പീഡന കൊലപാതക കേസ്: പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി; വിചാരണ കശ്മീരിനു പുറത്ത്

single-img
7 May 2018

കത്‌വ പീഡന കൊലപാതക കേസിന്റെ വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. തല്‍ക്കാലം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ പിതാവും കേസ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു പ്രതികളുമാണ് ഹര്‍ജി നല്‍കിയത്. കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ അപേക്ഷ പ്രകാരം വിചാരണ തിങ്കളാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ജനുവരി 10ന് ന്യൂനപക്ഷ വിഭാഗക്കാരിയായ എട്ടുവയസുകാരിയെ ജമ്മുവിലെ കത്വവയ്ക്കു സമീപത്തു നിന്നു കാണാതാകുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുടുംബത്തിനും അഭിഭാഷകയ്ക്കും നേരെ ഭീഷണിയുണ്ടെന്ന പരാതിയുന്നയിച്ചുകൊണ്ടായിരുന്നു കേസ് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് പിതാവ് ആവശ്യം ഉന്നയിച്ചത്.

അതേസമയം നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നു കത്വവ പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. മകള്‍ക്കു നീതി ലഭിക്കുക മാത്രമാണു തന്റെ ലക്ഷ്യം. പൊലീസ് അന്വേഷണത്തില്‍ സംതൃപ്തനാണെന്നും നീതി നടപ്പാകുംവരെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രായപൂര്‍ത്തിയാകാത്ത ആളുള്‍പ്പെടെ എട്ടു പേരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസില്‍ കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്.