ഏജന്റ് മുഖേനയല്ലാതെ വാഹനത്തിന്റെ റീടെസ്റ്റിന് എത്തിയ ആള്‍ക്ക് പറവൂര്‍ ആര്‍ടിഒയുടെ ചീത്തവിളി

single-img
7 May 2018

പറവൂര്‍: വാഹനം റീ ടെസ്റ്റ് നടത്താനെത്തിയ വ്യക്തിക്ക് ആര്‍.ടി.ഒയുടെ വക ചീത്തവിളി. പറവൂര്‍ ആര്‍.ടി ഓഫീസിലാണ് സംഭവം. വാഹനം റീ ടെസ്റ്റ് ചെയ്യാന്‍ നേരിട്ടെത്തിയ പറവൂര്‍ സ്വദേശി സിയാദിന് നേരെ ജോയിന്റ് ആര്‍.ടി.ഒ ബിജു ജെയിംസ് മോശമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വാഹനം റീ ടെസ്റ്റ് നടത്തി തരണമെന്ന് ആവശ്യപ്പെട്ട സിയാദിനോട് ആര്‍.ടി.ഒ കയര്‍ത്ത് സംസാരിക്കുകയും ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലെന്ന് അറിയിക്കുകയുമായിരുന്നു. റീ ടെസ്റ്റിന് നേരിട്ട് ഫീസടച്ച സിയാദിന്റെ വാഹനം ജോയിന്റ് ആര്‍.ടി.ഒ പരിശോധിച്ചിരുന്നില്ല.

ഇതില്‍ പരാതി നല്‍കിയതാണ് ബിജു ജെയിംസിനെ പ്രകോപിപ്പിച്ചതെന്നും തന്റെ വണ്ടി ഇനി റീ ടെസ്റ്റ് ചെയ്ത് നല്‍കരുതെന്ന് മറ്റ് എം.വി.ഐമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും സിയാദ് പറഞ്ഞു. ജോയിന്റ് ആര്‍.ടി.ഒയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും ഗാതാഗത മന്ത്രിക്കും പരാതി നല്‍കുമെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സംഘടിത മണല്‍ മാഫിയയുടെ നേതാവാണ് സിയാദ് എന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച് തന്നെ കുടുക്കാനാണ് വീഡിയോ ചിത്രീകരിച്ചതെന്നും ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് പറഞ്ഞു.