‘കറുത്ത ബ്രാഹ്മണനാണോ ബ്രാഹ്മണ പെണ്‍കുട്ടിയാണോ ദുശ്ശകുനം’; സര്‍ക്കാര്‍ ജോലിക്കായുള്ള ചോദ്യം വിവാദത്തില്‍

single-img
7 May 2018

ന്യൂഡല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ ജോലിയ്ക്കായി നടത്തിയ പരീക്ഷ വിവാദത്തില്‍. ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എച്ച്.എസ്.എസ്.സി) ഏപ്രില്‍ 10ന് നടത്തിയ ജൂനിയര്‍ എഞ്ചിനീയര്‍ പോസ്റ്റിലേയ്ക്കുള്ള പരീക്ഷയിലെ ചോദ്യമാണ് വിവാദമായിരിക്കുന്നത്.

‘താഴെക്കൊടുത്തിരിക്കുന്നവയില്‍ ഹരിയാനയില്‍ ദുശ്ശകുനമായി കരുതാത്തത് ഏത്’ എന്നായിരുന്നു ചോദ്യം. നല്‍കിയിട്ടുള്ള നാല് ഉത്തരങ്ങളില്‍നിന്ന് ശരിയായത് തിരഞ്ഞെടുത്ത് എഴുതാനായിരുന്നു നിര്‍ദേശം. ‘ഒഴിഞ്ഞ ഭരണി, വിറകുകെട്ട്, കറുത്ത ബ്രാഹ്മണനെ കാണുന്നത്, ബ്രാഹ്മണ പെണ്‍കുട്ടിയെ കാണുന്നത്’ എന്നിവയായിരുന്നു നല്‍കിയിരുന്ന നാല് ഉത്തരങ്ങള്‍.

വര്‍ഗീയതയും സാമുദായിക വിവേചനവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതാണ് ചോദ്യമെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് ശക്തമായ വിമര്‍ശനമാണ് പരീക്ഷയിലെ ചോദ്യത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതു പരീക്ഷയില്‍ ഇത്തരമൊരു ചോദ്യം കടന്നുകൂടാനിടയായ സാഹചര്യമെന്തെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി റാവു നര്‍ബീര്‍ പറഞ്ഞു. ഉദ്യോഗാര്‍ഥിയുടെ മാനസിക ശേഷിയും ജോലി ചെയ്യാനുള്ള കഴിവുമാണ് പരീക്ഷകളില്‍ പരിശോധിക്കേണ്ടത്. അല്ലാതെ വര്‍ഗീയതും അന്ധവിശ്വാസങ്ങളുമല്ല. ഇത്തരമൊരു സംഭവം ഞെട്ടുലുണ്ടാക്കിയതായും മന്ത്രി പറഞ്ഞു.