കത്വ കേസില്‍ സിബിഐ വേണ്ടെന്ന് മെഹബൂബ മുഫ്തി; നീതി ലഭിക്കില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചുകൊല്ലൂവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

single-img
7 May 2018

ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പൊലീസിനെ വിശ്വാസമില്ലെന്ന് കാണിച്ച് കേസുകളെല്ലാം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാനാകില്ല. ജമ്മു പൊലീസിനെ സംസ്ഥാനം തന്നെ വിശ്വാസത്തിലെടുക്കാതിരുന്നാല്‍ മറ്റാരാണ് അവരെ വിശ്വാസത്തിലെടുക്കുകയെന്നും അവര്‍ ചോദിച്ചു.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ മതത്തിന്റെ പേരില്‍ വിലയിരുത്തുന്നത് നാണംകെട്ടതും അപകടകരവുമായ കാര്യമാണ്. കത്വ കേസില്‍ പ്രതികളെ സഹായിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചുവെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ? എന്നും അവര്‍ ചോദിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും പ്രതികളും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മെഹബൂബയുടെ പ്രതികരണം.

അതേസമയം നീതി ലഭിക്കില്ലെങ്കില്‍ തങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മഹാദുരിതം ഏറ്റുവാങ്ങിയിട്ടും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ അമ്മ ആദ്യമായി പ്രതികരിച്ചു. പ്രതികള്‍ രക്ഷപ്പെട്ടാല്‍ തന്നെയും കുടുംബത്തേയും ഇല്ലാതാക്കും.

ആകെയുള്ള വീടും കൃഷിയിടവും നഷ്ടമാകുമെന്നും അമ്മ കണ്ണീരോടെ ആരോപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണമെന്ന് ചില പ്രാദേശിക നേതാക്കളുടെ സമ്മര്‍ദമുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. സി.ബി.ഐ അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.

l