കര്‍ണാടകയില്‍ പതിനെട്ടടവും പയറ്റി ബിജെപി; മോദിയുടെ റാലി 15 ല്‍ നിന്ന് 21 ആയി: യെദിയൂരപ്പയേയും മോദിയേയും സംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ

single-img
7 May 2018

കര്‍ണാടകയില്‍ പ്രചാരണം അവസാനിപ്പിക്കാന്‍ ഇനി നാലു ദിവസം മാത്രം. ഏതുവിധേനയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയും തുടക്കം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതുമാണ് കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്നത്.

ഇതിനിടെ ബിജെപി, മോദിയുടെ റാലിയുടെ എണ്ണം വര്‍ധിപ്പിച്ചു. ആദ്യം നിശ്ചയിച്ച 15 റാലിയില്‍ നിന്ന് വ്യത്യസ്തമായി 21 റാലിയാണ് നടത്തുന്നത്. ബിജെപിക്ക് ആത്മവിശ്വാസം നഷ്ടമായതിനാലാണ് പ്രധാനമന്ത്രിയുടെ റാലിയുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു..

എന്നാല്‍ നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ കോണ്‍ഗ്രസിന് വിറളി പിടിച്ചിരിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. യഡിയൂരപ്പയുടെ സ്വാധീനം തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസിന് ബോധ്യപ്പെടുമെന്ന് ബിജെപി നേതൃത്വം പറയുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കാര്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് മോദി നെടുനെടുങ്കന്‍ പ്രസംഗങ്ങളാണ് നടത്തുന്നത്. ഞാന്‍ മത്സരിക്കുന്നത് മോദിയുമായല്ല, യെദിയൂരപ്പയുമായിട്ടാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ഒരേ വേദിയില്‍ പരസ്യമായി സംവാദത്തിന് ഞാന്‍ യെദിയൂരപ്പയെ വെല്ലുവിളിക്കുന്നു. അദ്ദേഹം അതിന് തയ്യാറാണോ? ആ വേദിയിലേക്ക് മോദിയേയും ഞാന്‍ ക്ഷണിക്കുന്നു. സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളുടെ ഇന്നത്തെ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ വേണ്ടി ബി.ജെ.പി ഭൂതകാലത്തേക്ക് ശ്രദ്ധ തിരിച്ചുവിടുകയാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില താണ നിലയിലായിരിക്കുമ്പോള്‍ പോലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പെട്രോള്‍ ഡീസല്‍ വില കൂടിക്കൊണ്ടിരിക്കുന്നതാണ് ജനങ്ങളുടെ ഇന്നത്തെ പ്രശ്‌നം എന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.