ഇനി സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാം: ജിയോ വിപ്ലവം വീണ്ടും

single-img
7 May 2018

ടെലികോം വിപണി കീഴടക്കിയ ജിയോ പുതിയ സേവനവുമായി രംഗത്ത്. സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്.

രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ജിയോയുടെ അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) ബ്രോഡ്ബാന്‍ഡിന്റെ സേവനമാണ് ആരംഭിക്കുന്നത്. സെക്കന്‍ഡില്‍ 100 എംബി വേഗതയില്‍ പ്രതിമാസം 1,100 ജി.ബി (1.1 ടി.ബി) ഡേറ്റ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.

1.1 ടിബി പരിധി കഴിഞ്ഞാല്‍ 40 ജി.ബി ഡേറ്റ വീതം പ്രതിമാസം 25 തവണ വരെ ഫ്രീ ടോപ്പ് അപ്പ് ചെയ്യാനും അവസരമുണ്ടാകും. തുടക്കത്തില്‍ 100 ജിബി ഡേറ്റയാണ് നല്‍കുക. ഇതിന്റെ പരിധി കഴിഞ്ഞാലാണ് ഫ്രീ ടോപ്പ് അപ്പ് നല്‍കുക. 100 ജി.ബിയും 25 തവണ ഫ്രീ ടോപ്പ് അപ്പും വരുന്നതോടെ മാസം 1100 ജി.ബി ഡേറ്റ ഉപയോക്താവിന് ലഭിക്കുമെന്ന് ജിയോ അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കാണ് ജിയോ ജിഗാ ഫൈബര്‍ എന്ന പേരിട്ടിരിക്കുന്നത്. വീടുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അതിവേഗ എഫ്ടിടിഎച്ച് സേവനം നല്‍കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ ജിയോ ഫൈബര്‍ സേവനം അഹമ്മദാബാദ്, ചെന്നൈ, ജംനഗര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പരീക്ഷിക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഇത് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ തെരഞ്ഞെടുത്ത വരിക്കാര്‍ക്ക് ജിയോഫൈബര്‍ സേവനം നല്‍കി തുടങ്ങിയിരുന്നു.

ജിയോ ഫൈബര്‍ കണക്ഷന് 4500 രൂപ റീഫണ്ടബിള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം. റൗട്ടര്‍ സ്ഥാപിക്കുന്നതിനാണ് ഈ പണം ഉപയോഗിക്കുന്നത്. ജിയോയുടെ തന്നെ മറ്റൊരു വിപ്ലവ പദ്ധതിയായ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസിന്റെ സെറ്റ്‌ടോപ് ബോക്‌സായും റൗട്ടര്‍ ഉപയോഗിക്കാമെന്നും സൂചനയുണ്ട്.