ദീപാ നിശാന്തിനെതിരെ കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ കുടുങ്ങി

single-img
7 May 2018

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ പൊലീസ് കേസെടുത്തത്.

കത്‌വ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട ദീപക് ശങ്കരനാരായണന്റെ ഫേസ് ബുക്ക് കുറിപ്പിനെ അനുകൂലിച്ചതോടെയാണ് ദീപക്കെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായത്. ദീപ നിശാന്ത് എല്ലാ പരിധികളും ലംഘിക്കുകയാണെന്നും അവരുടെ രക്തം വേണമെന്നുമായിരുന്നു രമേശ് കുമാര്‍ നായരുടെ കമന്റ്.

നമ്മളതിനായി ശ്രമിക്കുമെന്ന് ബിജു നായര്‍ ആ കമന്റിന് മറുപടി നല്‍കി. നേരത്തെ ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിരുന്നത്. തുടര്‍ന്നാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ദീപ പൊലീസില്‍ പരാതി നല്‍കിയത്.

ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക് ശങ്കരനാരായണന്റെയും ദീപ നിശാന്തിന്റെയും മേല്‍വിലാസം പരസ്യപ്പെടുത്തി ഇവര്‍ക്കെതിരെ രംഗത്തുവരാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.