ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്‌മെന്റ് നോട്ടീസ്; ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

single-img
7 May 2018

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. ഉപരാഷ്ട്രപതിയുടെ തീരുമാനം നിയമവശം പരിഗണിക്കാതെയാണെന്ന് രാജ്യസഭാ എം.പിമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അന്വേഷണസമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അത് നിര്‍വഹിച്ചില്ലെന്നും എം.പിമാര്‍ ആരോപിച്ചു. അഭിഭാഷകരായ കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഇന്ന് ഹര്‍ജി ജസ്റ്റിസ് ജെ ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ പരാമര്‍ശിച്ചു.

പുതിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന് മുന്‍പാകെ പരാമര്‍ശിക്കുന്ന പതിവിന് വിരുദ്ധമായാണിത്. ആരോപണം ചീഫ് ജസ്റ്റിസിനെതിരെ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇരുവരും വിശദീകരിച്ചു. ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ തുടക്കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ നിര്‍ദ്ദേശിച്ചു. അഭിഭാഷകര്‍ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ഹര്‍ജി നാളെ വീണ്ടും തന്റെ ബെഞ്ചിന് മുന്‍പാകെ പരാമര്‍ശിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ നിര്‍ദേശിച്ചത്.

ഹര്‍ജി വിശദമായ വാദത്തിനായി ഉചിതമായ ബെഞ്ചിന് മുന്‍പാകെ വിടുന്നതില്‍ ജസ്റ്റിസ് ചെലമേശ്വര്‍ തീരുമാനം എടുക്കണമെന്നാണ് സിബലിന്റെ ആവശ്യം. കേസുകള്‍ ഏതു ബെഞ്ചിന് വിടണമെന്ന് തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് അടുത്തിടെ ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു.

അതുകൊണ്ട് ജസ്റ്റിസ് ചെലമേശ്വര്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ ജുഡീഷ്യറിക്ക് അകത്തെ തര്‍ക്കങ്ങള്‍ വീണ്ടും രൂക്ഷമാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയയെ ഇംപീച്ച് ചെയ്യുന്നതിനായി പ്രതിപക്ഷത്തെ 64 എംപിമാര്‍ ഒപ്പുവച്ച നോട്ടീസ് കഴിഞ്ഞ മാസം 23 നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയത്.