മാണിയുടെ പിന്തുണയ്ക്കായി ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മുന്നണികള്‍: കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി

single-img
7 May 2018

കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ചാണ്ടി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. കെ.എം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പുതുപ്പള്ളിയില്‍പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക സ്റ്റീയറിങ് കമ്മിറ്റി യോഗം വെള്ളിയാഴ്ച ചേരാനിരിക്കെയാണ് പ്രതികരണം. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പുല്‍പള്ളിയിലെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു.

അതിനിടെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും കടുത്ത പോരാട്ടത്തിലാണ്. ചെറിയ ശതമാനം വോട്ടുകള്‍ പോലും നിര്‍ണായകമാകുന്ന സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് പിന്തുണ തേടി മുന്നണികള്‍ പരക്കം പായുന്നത്. പതിനൊന്നിലെ ഉന്നതാധികാര സമിതിക്ക് ശേഷം നയം വ്യക്തമാക്കാമെന്ന് കെഎം മാണി ആവര്‍ത്തിക്കുമ്പോഴും മനസാക്ഷി വോട്ടില്‍ കവിഞ്ഞൊരു തീരുമാനവും ഉണ്ടാകില്ലെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്.

ചെങ്ങന്നൂരില്‍ മാണിയുടെ മനസാക്ഷി തങ്ങള്‍ക്കൊപ്പമാകുമെന്ന് സിപിഎം ഉറച്ച് വിശ്വസിക്കുന്നുണ്ട്. സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് മാണിയുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പില്ല. കഴിഞ്ഞ ദിവസം മന്ത്രി എംഎം മണി ബാര്‍ കോഴ കേസില്‍ കെഎം മാണിയെ പിന്തുണച്ച് സംസാരിച്ചത് ഈ വിഷയത്തില്‍ സിപിഎം നേതൃത്വം സ്വീകരിച്ച നിലപാടായാണ് കണക്കാക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം പറയുന്നു. എന്നാല്‍ കെഎം മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് തുടരുകയാണ്.

ഒരു സാഹചര്യത്തിലും മാണിയെ പ്രകോപിപ്പിക്കരുതെന്ന നിലപാടിലാണ് യുഡിഎഫ്. രമേശ് ചെന്നിത്തലക്കെതിരെ കെഎം മാണി നടത്തിയ കടുത്ത പരിഹാസം പോലും കണക്കിലെടുക്കേണ്ടന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം. എന്നാല്‍ യുഡിഎഫിലേക്ക് മടങ്ങില്ലന്ന് ഉറപ്പിച്ച മട്ടിലാണ് കെഎം മാണി.

ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസിലെ ഐവിഭാഗം കാട്ടിയ സമീപനം മറക്കാന്‍ കഴിയില്ലന്നും കെഎം മാണിയുടെ അടുത്ത അനുയായികള്‍ പറയുന്നു. മാണിയുടെ എല്‍ഡിഎഫ് ചായ്‌വില്‍ അസംതൃപ്തരുടെ നിര തന്നെ കേരള കോണ്‍ഗ്രസിലുണ്ടെങ്കിലും കെഎം മാണിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കാന്‍ ഇവര്‍ക്ക് ധൈര്യമില്ല.