ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് പുതിയ തന്ത്രവുമായി ബിജെപി: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് നല്‍കിയത് 850ലധികം മുസ്‌ലിങ്ങള്‍ക്ക്

single-img
7 May 2018

പശ്ചിമ ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് പുതുതന്ത്രവുമായി ബി.ജെ.പി. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി 850ലധികം മുസ്ലിങ്ങള്‍ക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്.

മേയ് 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പട്ടികയില്‍ ഇടംനേടിയത് 100ല്‍ താഴെ മുസ്ലിങ്ങള്‍ മാത്രമാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 294 അംഗ പട്ടികയില്‍ ആറ് മുസ്ലിങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

പുതിയ നീക്കം തെരഞ്ഞെടുപ്പ് നയത്തിലെ പ്രധാന മാറ്റമാണെന്ന് പാര്‍ട്ടി ഉന്നത നേതാക്കള്‍ പറഞ്ഞു. 30 ശതമാനത്തോളം മുസ്ലിങ്ങളുള്ള സംസ്ഥാനത്ത് അവരെ കൂടുതലായി ഉള്‍ക്കൊാള്ളുന്ന നയം വേണമെന്നത് സ്വാഭാവികമാണെന്ന് ബി.ജെ.പി സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അലി ഹുസൈന്‍ പറഞ്ഞു.

എന്നാല്‍, ഈ നീക്കത്തില്‍ കാര്യമില്ലെന്നും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയില്‍ പൂര്‍ണ വിശ്വാസമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.