അട്ടപ്പാടിയിലെ മധുവിന്റെ അമ്മയില്‍ നിന്ന് പതാക വാങ്ങി ജാഥ തുടങ്ങാനെത്തിയ ബിജെപി നേതാക്കള്‍ക്ക് കിട്ടിയത് ‘എട്ടിന്റെ പണി’

single-img
7 May 2018

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍നിന്നു തുടങ്ങാനിരുന്ന ജീവന്‍ രക്ഷാ മാര്‍ച്ചിന്റെ തുടക്കം പാളി. രാവിലെ മധുവിന്റെ അമ്മയില്‍ നിന്ന് പതാക വാങ്ങിയാണ് എഎന്‍ രാധാകൃഷ്ണന്‍ നയിക്കേണ്ട യാത്ര ആരംഭിക്കാനിരുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലും മധുവിന്റെ വീട്ടിലെത്തി ഇതിനുള്ള ക്രമീകരണങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ എല്ലാം ഉറപ്പിച്ചിട്ട് പോയ ബിജെപിക്കാര്‍ രാവിലെ എത്തിയപ്പോള്‍ മധുവിന്റെ അമ്മയില്ല. മധുവിന്റെ വീട് അടഞ്ഞുകിടക്കുന്നതാണു കണ്ടത്.

അതിരാവിലെ സിപിഎം നേതാക്കള്‍ മധുവിന്റെ അമ്മയെ സമ്മര്‍ദ്ദത്തിലൂടെ മാറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. ചലോ വരാപ്പുഴ മാര്‍ച്ചിനെ സിപിഎം ഭയക്കുന്നതിന് തെളിവാണിതെന്നും അവര്‍ പറയുന്നു. അതേസമയം മല്ലി ആശുപത്രിയിലേക്കു പോയതാണെന്നും വിവരമുണ്ട്.

പിന്നീട് മല്ലിയുടെ അഭാവത്തില്‍ സഹോദരിയായ അംബികയില്‍നിന്നു പതാക ഏറ്റുവാങ്ങി ബിജെപി ജാഥ തുടങ്ങി. സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണെന്നു ബിജെപി നേതാവ് സി.കെ. പദ്മനാഭന്‍ ആരോപിച്ചു. ബിജെപി ജാഥയെ സിപിഎം ഭയക്കുന്നു. ബിജെപിക്കെതിരെ അവര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പദ്മനാഭന്‍ ആരോപിച്ചു.

നേരത്തെ എബിവിപി പരിപാടി സംഘടിപ്പിച്ചപ്പോഴും മധുവിന്റെ അമ്മ മല്ലിയെ സഹകരിപ്പിച്ചിരുന്നു. അതേസമയം, വിഷയത്തില്‍ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. അട്ടപ്പാടിയില്‍നിന്നു വരാപ്പുഴ വരെ നടക്കുന്ന മാര്‍ച്ചിനു ചലോ വരാപ്പുഴ മാര്‍ച്ച് എന്നാണു പേരിട്ടിരിക്കുന്നത്.