രാഹുൽ ഗാന്ധി സഹോദരതുല്യൻ; ഗോസിപ്പുകള്‍ക്ക് മറുപടിയുമായി അദിതി

single-img
6 May 2018

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും റായ്ബറേലി എംഎല്‍എ അദിതി സിങിനെയും ചേര്‍ത്തുള്ള വിവാഹ ഗോസിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടുപിടിക്കുമ്പോള്‍ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദിതി സിങ്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരം അഭ്യൂഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയതില്‍ പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരിക്കുകയാണ് അവര്‍.

രാഹുൽ തനിക്ക് സഹോദര തുല്യനാണെന്നും ഇത്തരം വാർത്തകൾ‌ സമൂഹമാധ്യമങ്ങൾ വഴി പരന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. അദിതിയുടെയും രാഹുലിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇരുവരും തമ്മിലുള്ള വിവാഹം മേയ് മാസത്തിൽ തന്നെ നടക്കുമെന്നായിരുന്നു വാർത്തകൾ. അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി. സോണിയ ഗാന്ധിയുടെ ഒപ്പം അദിതി ഇരിക്കുന്ന ചിത്രങ്ങൾ‌ കൂടി പരന്നതോടെ വാർത്തയുടെ വിശ്വാസ്യതയും വർധിച്ചു.

കഴിഞ്ഞ, തെരഞ്ഞെടുപ്പിൽ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയിൽ നിന്ന് കന്നിയങ്കത്തിൽ അദിതി വിജയിച്ചത്. 29 കാരിയായ അദിതി അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ നിന്ന് മാനേജ്മെന്‍റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ഇതേ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയിട്ടുള്ള അഖിലേഷ് സിംഗിന്‍റെ മകളാണ് അദിതി.