ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണം: പ്രസ്താവനയിൽ വെട്ടിലായി യെദ്യൂരപ്പ

single-img
6 May 2018

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ വാക്കുകൾ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെഡിയൂരപ്പയെ തിരിഞ്ഞുകൊത്തുന്നു. ബെലഗാവിയിലെ കിട്ടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി മഹന്തേഷിന് വോട്ടുചോദിക്കുകയായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. സിദ്ധരാമയ്യയെയും കോൺഗ്രസിനെയൊക്കെ വിമർശിച്ച് പ്രസംഗത്തിന്റെ അവസാനഭാഗത്തെത്തിയപ്പോഴായിരുന്നു പ്രവർത്തകരെ ഉത്സാഹികളാക്കാനുളള നിർദേശം. അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാൻ തയ്യാറല്ലാത്തവർ ഉണ്ടെങ്കിൽ, കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു.

ഈ പരാമർശത്തിനുപിന്നാലെ തന്നെ കോൺഗ്രസ് യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തി. കന്നഡിഗരുടെ കൈയിൽനിന്നും പരാജയം രുചിക്കുകയാണെന്ന ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഈ പ്രസ്താവനയെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. ജനാധിപത്യത്തെ അപമാനിക്കുകയും അതിലെ വോട്ടർമാരെ ഭയപ്പെടുത്തുകയുമാണു ബിജെപി ചെയ്യുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിൽ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നു യെഡിയൂരപ്പ പിന്നീടു കന്നഡ ഭാഷയിൽ ട്വീറ്റ് ചെയ്തു. വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നതാണു താൻ ഉദ്ദേശിച്ചിരുന്നതെന്നും ആ വാക്കുകൾ ഉദ്ധരിച്ചു യെഡിയൂരപ്പ പറഞ്ഞു. താൻ കർഷക ഗ്രാമത്തിൽനിന്നാണു വരുന്നത്. ഇങ്ങനെയാണു ഞങ്ങൾ ഗ്രാമീണർ സംസാരിക്കുന്നത്. അതു ചിലർക്കു പിടിക്കില്ല, യെഡിയൂരപ്പ വ്യക്തമാക്കി.