ഇടതു സ്വതന്ത്രന്‍ യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിനു ഭരണം പോയി

single-img
5 May 2018

ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതു സ്വതന്ത്രന്‍ യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതോടെ എല്‍ഡിഎഫിനു ഭരണം നഷ്ടമായി. സിപിഎം, സിപിഐ, എസ്ഡിപിഐ അംഗങ്ങള്‍ വിട്ടു നിന്നു. നഗരസഭാധ്യക്ഷന്‍ ടി.എം റഷീദിനെതിരെയുള്ള തുടര്‍ച്ചയായ രണ്ടാമത്തെ അവിശ്വാസ പ്രമേയമാണു പാസായത്.

വന്‍ പൊലീസ് സുരക്ഷയിലായിരുന്നു അവിശ്വാസ പ്രമേയ ചര്‍ച്ച. അവിശ്വാസപ്രമേയത്തിന് അനുകൂലമായി 15 പേര്‍ വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്വതന്ത്രനായ വി.കെ കബീറാണ് വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കബീറിന് വിപ്പ് നല്‍കിയിരുന്നു.

28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. യുഡിഎഫിന് 11 ഉം എല്‍ഡിഎഫിനും 13 ഉം എസ്ഡിപിഐക്ക് നാല് എന്നിങ്ങനെയാണ് കക്ഷിനില.ചെയര്‍മാന്‍ ടി.എം റഷീദിനും വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദിനുമെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

സിപിഎം അംഗമായ ടി.എം റഷീദിന്റെ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കാത്തതും നഗരസഭാ കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് സിപിഎം അംഗങ്ങള്‍ തന്നെ രംഗത്തെത്തിയതുമാണ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.