ട്രെയിനില്‍ സ്ത്രീകളുടെ കോച്ച് ഇനി മധ്യഭാഗത്ത്; നിറവും മാറും

single-img
5 May 2018

ന്യൂഡല്‍ഹി: ട്രെയിനില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക കോച്ച് ഇനി മുതല്‍ മധ്യഭാഗത്ത്. ഇതിന് പ്രത്യേക നിറവും നല്‍കും. അതുവഴി ഈ കോച്ച് പെട്ടന്ന് തിരിച്ചറിയാനാകും. സബര്‍ബന്‍, ദീര്‍ഘദൂര ട്രെയിനുകളില്‍ ഒരുപോലെ ഈ രീതി നടപ്പാക്കും. 2018 വനിത സുരക്ഷ വര്‍ഷമായി റെയില്‍വേ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

സ്ത്രീകളുടെ കോച്ചുകളില്‍ സി.സി.ടി.വിയും ഏര്‍പ്പെടുത്തും. ജനാലകളില്‍ കൂടുതല്‍ സുരക്ഷിതമായ ഇരുമ്പുവല സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ട്രെയിനില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്കായുള്ള പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള സമിതി ഈ വിഷയത്തില്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്.

ഈ സമിതിയില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി ഉള്‍പ്പെടെ അംഗങ്ങളാണ്. ടിക്കറ്റ് പരിശോധകരിലും ആര്‍.പി.എഫ് അംഗങ്ങളിലും വനിതകളെ ഉള്‍പ്പെടുത്തല്‍, സ്ത്രീകള്‍ നിയന്ത്രിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം മൂന്നില്‍നിന്ന് 100 എണ്ണമായി ഉയര്‍ത്തല്‍, സ്റ്റേഷനുകളില്‍ വനിതകള്‍ക്ക് സൗകര്യപ്രദമായ ശുചിമുറികളും വസ്ത്രം മാറാനുള്ള ഇടങ്ങളും ഒരുക്കല്‍ തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്.

വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് ഏത് നിറമാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇത് പിങ്ക് ആകാനാണ് സാധ്യതയെന്നാണ് സൂചന.