കഴിഞ്ഞ വര്‍ഷം സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 4.66 ലക്ഷം പ്രവാസികള്‍ക്ക്

single-img
5 May 2018

റിയാദ്: കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ സൗദിയില്‍ 4.66 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ ഒരു ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ 1.88 കോടി വിദേശ തൊഴിലാളികളാണ് സൗദി അറേബ്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2017 അവസാനത്തെ കണക്ക് പ്രകാരം ഇത് 1.42 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള മൂന്ന് മാസത്തിനിടെ 4,66,000 വിദേശികളാണ് തൊഴില്‍ വിസ റദ്ദാക്കി മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്.

സൗദി തൊഴില്‍ വിപണിയിലെ 76.7 ശതമാനവും വിദേശികളാണ്. 23.3 ശതമാനം മാത്രമാണ് തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്കുളള പങ്കാളിത്തം. തൊഴില്‍ അന്വേഷകരായ സ്വദേശികളില്‍ 53.3 ശതമാനം ബിരുദ ധാരികളാണ്. 12.8 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.

2013 മുതല്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് ഉള്‍പ്പെടെ തൊഴില്‍ വിപണിയില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തിയെങ്കിലും തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടില്ല. 11 ലക്ഷം സ്വദേശികളാണ് തൊഴില്‍ രഹിതരായി രാജ്യത്തുളളത്.