കര്‍ണാടകയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളാണ് നിങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍; ഈ 11 പേരെക്കുറിച്ച് താങ്കള്‍ എപ്പോള്‍ സംസാരിക്കും; വേണമെങ്കില്‍ പേപ്പറില്‍ നോക്കാം; മോദിയോട് രാഹുല്‍

single-img
5 May 2018

കര്‍ണാടകയിലെ ബി ജെ പി സ്ഥാനാര്‍ഥികളുടെ പേരിലെ കേസുകളുടെ എണ്ണം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ചോദ്യം. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ചൂണ്ടിക്കാണിക്കുന്ന വീഡിയോയും രാഹുല്‍ പുറത്തുവിട്ടിട്ടുണ്ട്.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ: പ്രിയപ്പെട്ട മോദിജി, നിങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. പ്രശ്‌നം എന്താണെന്നു വച്ചാല്‍, നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങളുടെ വാക്കുകളുമായി പൊരുത്തപ്പെടുന്നില്ല. ഇതാ കര്‍ണാടകയില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ഒരു ബാലപാഠം. ‘കര്‍ണാടകാസ് മോസ്റ്റ് വാണ്ടഡി’ന്റെ ഒരു എപ്പിസോഡ് പോലെയുണ്ട് ഇത്.

തൊട്ടുതാഴെയാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള പ്രത്യേക വിഡിയോ നല്‍കിയിരിക്കുന്നത്. ഈ വിഡിയോയിലൂടെ രാഹുല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളിങ്ങനെ:

മോദി ജി,

ഈ തിരഞ്ഞെടുപ്പില്‍ റെഡ്ഡി ബ്രദേഴ്‌സ് ഗാങ്ങിനു നല്‍കിയ എട്ടു ടിക്കറ്റുകളെക്കുറിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാമോ?. അഴിമതി, വഞ്ചന, കവര്‍ച്ച എന്നീ കുറ്റങ്ങളുടെ പേരില്‍ 23 കേസുകളില്‍ പ്രതിയായ വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കിയതിനെക്കുറിച്ചോ?.

അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട താങ്കളുടെ 11 പ്രമുഖ നേതാക്കളെക്കുറിച്ച് എപ്പോഴാണ് പരസ്യമായി സംസാരിക്കുക?. ഈ ചോദ്യങ്ങള്‍ക്കു പിന്നാലെ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉള്‍പ്പെടെ 11 പേരുടെ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്.

ശ്രീരാമലു, മുന്‍ ബിജെപി മന്ത്രി (ജനാര്‍ദ്ദന റെഡ്ഡിയുടെ അടുപ്പക്കാരന്‍), ബദാമി, മോല്‍കല്‍മൂരു എന്നിവിടങ്ങളില്‍നിന്ന് ജനവിധി തേടുന്നു. മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതി.

സോമശേഖര റെഡ്ഡി (ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍), ബെള്ളാരി സിറ്റിയിലെ ബിജെപി സ്ഥാനാര്‍ഥി. അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതി.

ടി.എച്ച്. സുരേഷ് ബാബു (ജനാര്‍ദ്ദന റെ!ഡ്!ഡിയുടെ അടുപ്പക്കാരന്‍, ശ്രീരാമലുവിന്റെ ബന്ധു), കംബ്ലിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്നു. ആറു ക്രിമിനല്‍ കേസുകളില്‍ പ്രതി.

കട്ട സുബ്രഹ്മണ്യ നായിഡു (മുന്‍ സംസ്ഥാന മന്ത്രി, ബിജെപി നേതാവ്), ശിവാജി നഗറില്‍നിന്ന് ജനവിധി തേടുന്നു. നാല് ക്രിമിനല്‍ കേസുകളില്‍ പ്രതി.

സി.ടി. രവി (മുന്‍ മന്ത്രി, ബിജെപി നേതാവ്), ചിക്മംഗളൂരുവിലെ ബിജെപി സ്ഥാനാര്‍ഥി. മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതി.

മുരുകേഷ് നിരാനി (മുന്‍ മന്ത്രി, ബിജെപി നേതാവ്), ബില്‍കിയിലെ ബിജെപി സ്ഥാനാര്‍ഥി, രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതി.

എസ്.എന്‍. കൃഷ്ണയ്യ ഷെട്ടി മാലൂര്‍, (മുന്‍മന്ത്രി, ബിജെപി നേതാവ്), മാലൂരിലെ ബിജെപി സ്ഥാനാര്‍ഥി, നാല് ക്രിമിനല്‍ കേസുകളില്‍ പ്രതി.

ശിവാന ഗൗഡ നായിക് (മുന്‍ മന്ത്രി, ബിജെപി നേതാവ്), ദേവദുര്‍ഗയില്‍നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്നു. മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതി.

ആര്‍. അശോക് (മുന്‍ ഉപമുഖ്യമന്ത്രി, ബിജെപി നേതാവ്), പത്മനാഭ നഗറില്‍ ബിജെപി സ്ഥാനാര്‍ഥി, മൂന്നു കേസുകളില്‍ പ്രതി.

ശോഭ കരന്തലാജെ (മുന്‍ മന്ത്രി, ബിജെപി നേതാവ്), നിലവില്‍ ബിജെപി എംപിയാണിവര്‍. പണം തട്ടിയതുമായി ബന്ധപ്പെട്ട് ഒരു കേസ് ഇവര്‍ക്കെതിരെ നിലവിലുണ്ട്.

ഇവരെ കുറിച്ച്…നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു. വേണമെങ്കില്‍ പേപ്പര്‍ നോക്കാം. എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.