രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് മാര്‍ച്ച് ഒന്നിന് തന്നെ അറിയിച്ചിരുന്നു; കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഇക്കാര്യം രഹസ്യമാക്കി വച്ചു: വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപതി

single-img
5 May 2018

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. പുരസ്‌കാരചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂ എന്ന് മാര്‍ച്ചില്‍ തന്നെ വാര്‍ത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

പ്രോട്ടോകോള്‍ ചട്ടപ്രകാരം ഇത്തരം ചടങ്ങുകളില്‍ ഒരു മണിക്കൂറിലേറെ സമയം പങ്കെടുക്കാന്‍ രാഷ്ട്രപതിക്ക് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡ് ദാനചടങ്ങില്‍ ഒരു മണിക്കൂറേ പങ്കെടുക്കൂ എന്ന് രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തെ അറിയിച്ചത്.

എന്നാല്‍ ഇക്കാര്യം രഹസ്യമാക്കി വച്ച മന്ത്രാലയം അവാര്‍ഡ് ദാനചടങ്ങിന്റെ തലേന്ന് മാത്രം ഇക്കാര്യം പുറത്തുവിട്ടതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണമായതെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് വിലയിരുത്തുന്നത്. സാധാരണ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പുരസ്‌കാരദാനചടങ്ങ് രാഷ്ട്രപതി ഭവനിലേക്ക് മാറ്റണമെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ രാംനാഥ് കോവിന്ദിന്റെ ഓഫീസ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 68 പേരാണ് അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇത് ദേശീയ തലത്തില്‍ തന്നെ പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചു.

11 പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. അവസാന നിമിഷം വാര്‍ത്താ വിതരണ മന്ത്രാലയം തീരുമാനം അറിയിച്ചതിലും പ്രതിഷേധമുണ്ടായി. പ്രതിഷേധിക്കാരെ തണുപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി നേരിട്ടെത്തിയെങ്കിലും പ്രതിഷേധം അയഞ്ഞില്ല. പിന്നീട് പ്രതിഷേധക്കാരുടെ പേരും കസേരകളും ഒഴിവാക്കിയാണ് ചടങ്ങ് നടന്നത്.