സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന വലിയ പ്രതിസന്ധിക്ക് താത്കാലിക ശമനം; വയല്‍കിളികള്‍ ലോങ്മാര്‍ച്ചില്‍ നിന്നും പിന്മാറി

single-img
5 May 2018

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേയുള്ള ലോങ്മാര്‍ച്ചില്‍ നിന്നും വയല്‍കിളികള്‍ പിന്മാറുന്നു. ലോങ്മാര്‍ച്ച് ഉടന്‍ നടത്തേണ്ടെന്നാണ് വയല്‍കിളി സംഘടനയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് 11 ന് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും തുടര്‍ സമരപരിപാടി.

‘ജനകീയ സമരങ്ങളോടു സംസാരിച്ചേ പറ്റൂ, സമരകേരളം തിരുവനന്തപുരത്തേക്ക്’ എന്ന പ്രമേയവുമായി കീഴാറ്റൂര്‍ സമരസമിതിയുടെയും സമര ഐക്യദാര്‍ഢ്യസമിതിയുടെയും നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന കണ്‍വന്‍ഷനിലാണു തീരുമാനം.

കീഴാറ്റൂര്‍ സമരനായിക നമ്പ്രാടത്ത് ജാനകിയമ്മ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇത് അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള സമരമാണ്. മുതലെടുപ്പിനുള്ള സമരമല്ല. ഇതു വിജയിപ്പിച്ചു തരണമെന്ന് ജാനകിയമ്മ അഭ്യര്‍ഥിച്ചു.

പരിസ്ഥിതിക്കു വേണ്ടിയുള്ള സമരമാണ് കീഴാറ്റൂരിലേതെന്നും കേരളത്തിലെ വരുംതലമുറയ്ക്കായാണു സമരരംഗത്തുള്ളതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പു രാഷ്ട്രീയമല്ല ലക്ഷ്യം. ഇത് കേരളത്തിന്റെ നല്ല ഭാവിക്കുള്ള സമരമാണ്- കണ്‍വെന്‍ഷനില്‍ അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വവുമായി ധാരണയായതായും പറയപ്പെടുന്നുണ്ട്. വയല്‍കിളികള്‍ ശത്രുക്കളല്ലെന്ന പ്രസ്താവനയുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത് വന്നതും ശ്രദ്ധേയമാണ്. കണ്ണൂര്‍ വിട്ടാല്‍ ലോങ്മാര്‍ച്ച് നടത്തുക തീവ്രവാദികളായിരിക്കുമെന്നും പി.ജയരാജന്‍ പറഞ്ഞിരുന്നു.

ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട കേരളംകീഴാറ്റൂരിലേക്ക് എന്ന സമരപാടിക്ക് ശേഷമാണ് വയല്‍കിളികള്‍ തുടര്‍ സമരങ്ങളില്‍ നിന്നും പുറകോട്ട് പോയത്. സമരം ബി.ജെ.പി അടക്കമുള്ളവര്‍ ഹൈജാക്ക് ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം. ഏതായാലും സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു തന്നെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്ന വലിയ പ്രതിസന്ധിക്ക് താത്കാലിക ശമനമായത് സി.പി.എമ്മിന് അല്‍പ്പം ആശ്വാസമായിട്ടുണ്ട്.